കാസർകോട്: പെൻഷൻ വിതരണം ചെയ്യുതിന് വീടുകളിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന വനിതാ കളക്ഷൻ ഏജന്റിനെ ആക്രമിച്ചു പണം തട്ടിയ കേസിന് തുമ്പായില്ല. സംഭവത്തിൽ വ്യക്തമായ നിഗമനത്തിൽ എത്താൻ കഴിയാതെ വിഷമിക്കുകയാണ് അന്വേഷണ സംഘം.
കേസിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന നിലപാടിലാണ് മേൽപറമ്പ് പൊലീസ്. കവർച്ചയ്ക്ക് ഇരയായ കളക്ഷൻ ഏജന്റായ യുവതിയുടെ മൊഴി പ്രകാരം സമീപത്തെ മുഴുവൻ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. എന്നാൽ ഹെൽമറ്റും മുഖംമൂടിയും ധരിച്ച സംഘം ബൈക്കുകൾ ഓടിച്ചുപോകുന്നതിന്റെ യാതൊരു ദൃശ്യവും ഈ പരിശോധനയിൽ കണ്ടെത്താൻ കഴിയാത്തതാണ് പൊലീസിനെ കുഴക്കുന്നത്. സംശയകരമായ രീതിയിൽ ബൈക്കിൽ സഞ്ചരിക്കുന്നവരെ ആരെയും ദൃശ്യങ്ങളിൽ കാണാത്തപ്പോഴും കളക്ഷൻ ഏജന്റ് സ്കൂട്ടർ ഓടിച്ചു പോകുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ വ്യക്തമായി കാണുന്നുമുണ്ട്.
അതേസമയം യുവതിയുടെ സ്കൂട്ടർ കണ്ണൂരിൽ നിന്നെത്തുന്ന ഫോറൻസിക് വിദഗ്ധർ പരിശോധിക്കും. സ്കൂട്ടർ ഇടിച്ചു വീഴ്ത്തി അക്രമികൾ പണം കവർന്നുവെന്നാണ് പരാതി. സ്കൂട്ടറിന് സംഭവിച്ച പോറലുകൾ കണ്ടെത്താനാണ് ഫോറൻസിക് പരിശോധന നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. ചെമ്മനാട് സർവ്വീസ് സഹകരണ ബാങ്ക് പ്രതിദിന നിക്ഷേപ ഏജന്റ് കോണത്തുമൂലയിലെ എസ്. സൗമ്യ (32) യെ ആക്രമിച്ച് 2.48 ലക്ഷം രൂപ കവർന്നതായാണ് പരാതി.