തലശേരി:തലശ്ശേരിക്കാർക്ക് സുപരിചിതനാണ് പാറാൽ ബാബു എന്ന സാമൂഹ്യ പ്രവർത്തകൻ. ഒട്ടിയ വയറുമായി തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ കാത്തിരിക്കുന്നവർക്ക് മുന്നിലേക്ക് റിക്ഷയിൽ പതിവുതെറ്റിക്കാതെ ഭക്ഷണവുമായി ബാബുവിന്റെ ഓട്ടോ കടന്നുവരുന്നതു കണ്ടാൽ മനുഷ്യത്വമെന്നാൽ എന്താണെന്ന് നേരിട്ടറിയാനാകും.
നൂറുകണക്കിന് പട്ടിണിപ്പാവങ്ങൾക്ക് ദൈവം തന്നെയാണ് ബാബു പാറാൽ . പതിവുതെറ്റാതെ ഉച്ചയ്‌ക്ക് ഒരു മണിയാകുമ്പോഴേക്കും നൂറുകണക്കിനാളുകൾക്കുള്ള ഊണുമായി ഓട്ടോ എത്തും. ചോറിനൊപ്പം സാമ്പാറും അച്ചാറുമുണ്ടാകും.ഭക്ഷണ വിതരണത്തിന് സഹായിക്കാൻ ചില ഓട്ടോ തൊഴിലാളികളുമുണ്ടാകും.
എടക്കാട്ടെ സുഹൃത്തായ ഗോപാലകൃഷ്ണനാണ് ഇരുപത് രൂപ നിരക്കിൽ ഭക്ഷണം തയാറാക്കി നൽകുന്നത്. മറ്റൊരു സുഹൃത്ത് സംഭാവനയായി നൽകിയതാണ് ഭക്ഷണം എത്തിക്കുന്ന ഓട്ടോ. ഒരു ദിവസത്തെ ചിലവ് 3600 രൂപയോളം വരും.കഴിഞ്ഞ അഞ്ച് മാസമായി അശരണർക്കുള്ള അന്നദാനം മുടക്കിയിട്ടില്ല ബാബു.
നഗരത്തിൽ പുതുതായി വന്നെത്തുന്ന ആരുമാരുമില്ലാത്തവർക്കും അത്താണിയാണ് ബാബു . ഇക്കൂട്ടത്തിൽ മദ്യത്തിനും ലഹരിക്കും അടിമകളായവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനും ഇദ്ദേഹത്തിന്റെ ഇടപെടലിന് കഴിഞ്ഞിട്ടുണ്ട്.
ഇവരിൽ പലരും വിവിധ അനാഥാലയങ്ങളിൽ സഹായികളായി സേവനമനുഷ്ഠിക്കുകയാണിപ്പോൾ. പാതയോരങ്ങളിലും, മരത്തണലുകളിലും തളർന്നു വീഴുന്നവരെ ഉടൻ ആശുപത്രികളിലെത്തിക്കുന്നതും ഈ സാമൂഹ്യപ്രവർത്തകൻ സ്വന്തം ദൗത്യമായി കരുതുന്നു.