കാസർകോട് :പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്ന് മോദി സർക്കാർ രാജ്യത്തിന്റെ മതസൗഹാർദ്ദവും സമാധാന അന്തരീക്ഷവും തകർത്തുവെന്നും ഇന്ത്യൻ മതേതരത്വത്തിനാണ് മോദി സർക്കാർ മുറിവേൽപ്പിച്ചതെന്നും കേരള യുവജ നപക്ഷം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷൈജോ ഹസ്സൻ പറഞ്ഞു. രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ജനങ്ങളെ മതത്തിന്റെ പേരിൽ തമ്മിലടിപ്പിക്കുന്ന പുതിയ തന്ത്രം മെനയുകയും ചെയ്ത നരേന്ദ്രമോദിയുടെ ഗുരുനാഥൻ ഹിറ്റ്‌ലറാണോ എന്നും അദ്ദേഹം ചോദിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുവജ നപക്ഷം കാസർകോട് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈജു ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബേബി കൊല്ലപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ബിന്ദുമോൾ ചാക്കോ, പ്രൊഫ. ജേക്കബ് കാസർകോട്, സെബാസ്റ്റിൻ മാത്യു, മെൽവിൻ കുര്യാക്കോസ്, മനു തോമസ്, ജിന്റോ ജോസഫ്, അനൂപ് മാത്യു, ഷൈജൻ ചാക്കോ, സുന്ദർ മഞ്ചേശ്വരം തുടങ്ങിയവർ പ്രസംഗിച്ചു.