കാഞ്ഞങ്ങാട്: വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പൊതുപണിമുടക്ക് കാഞ്ഞങ്ങാട്ട് ഹർത്താൽ പ്രതീതി ജനിപ്പിച്ചു. അപൂർവം ഇരുചക്രവാഹനങ്ങൾ ഓടിയതൊഴിച്ചാൽ നഗരത്തിലെ പ്രധാന റോഡ് വിജനമായിരുന്നു. കെ. എസ്.ആർ.ടി.സി - സ്വകാര്യ ബസുകൾ റോഡിലിറങ്ങിയില്ല.
ഇംഗ്ളീഷ് മരുന്നു ഷാപ്പുകൾ അടക്കം വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. ഹൊസ്ദുർഗ് മിനി സിവിൽ സ്റ്റേഷൻ, നഗരസഭ, ആർ.ഡി.ഒ ഓഫീസ് എന്നിവയുടെ പ്രവർത്തനത്തെയും സമരം ബാധിച്ചു. സ്ക്കുളുകളും പ്രവർത്തിച്ചില്ല. എന്നാൽ ട്രെയിൻ ഗതാഗതത്തെ സമരം ബാധിച്ചില്ല.
പണിമുടക്ക് അനുഭാവികൾ കാഞ്ഞങ്ങാട്ട് പ്രകടനം നടത്തി. അഡ്വ. പി. അപ്പുക്കുട്ടൻ, കെ.വി. കൃഷ്ണൻ വി.വി പ്രസന്നകുമാരി, കാറ്റാടി കുമാരൻ എന്നിവർ നേതൃത്വം നൽകി. ബസ് സ്റ്റാൻഡ് പരിസരത്ത് ചേർന്ന യോഗത്തിൽ വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വിവിധ യൂണിയൻ നേതാക്കളായ വി.വി രമേശൻ, കെ.വി കൃഷ്ണൻ, കരീം കശാൽനഗർ എന്നിവർ പ്രസംഗിച്ചു. കെ.വി രാഘവൻ സ്വാഗതം പറഞ്ഞു. പണിമുടക്കിയ തൊഴിലാളികൾക്ക് ഉച്ചയ്ക്ക് കഞ്ഞിയും പുഴുക്കും ഒരുക്കിയിരുന്നു. ബസ് സ്റ്റാൻഡ് പരിസരത്ത് തന്നെയാണ് കഞ്ഞിയും മറ്റും പാകം ചെയ്തത്.