പെൻഷൻ പ്രതിമാസം 1200 രൂപ
കാസർകോട്: തൊഴിലാളി ക്ഷേമ പെൻഷനുകൾ മുഴുവൻ ക്രിസ്‌മസിന് മുമ്പ് വിതരണം ചെയ്തപ്പോൾ ബീഡി തൊഴിലാളികൾക്ക് മാത്രം പെൻഷൻ ഇതേവരെ കിട്ടിയില്ലെന്ന് ആക്ഷേപം. ക്ഷേമനിധി ബോർഡുകളാണ് തൊഴിലാളി ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്നത്. അർഹതപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് എല്ലാ പെൻഷനുകളും വരുന്നത്. പ്രത്യേകം എഴുതി കൊടുത്തവർക്ക് ബാങ്കുകളുടെ പിഗ്മി കളക്ഷൻ ഏജന്റ് ഗുണഭോക്താവിന്റെ വീടുകളിൽ നേരിട്ട് എത്തിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ഡിസംബറിൽ തന്നെ കർഷക തൊഴിലാളി, വാർദ്ധക്യകാല, നിർമ്മാണ തൊഴിലാളി, വിധവ പെൻഷനുകൾ ഉൾപ്പെടെ ബാങ്കുകളിൽ എത്തിയിട്ടും അവശത അനുഭവിക്കുന്ന ബീഡി തൊഴിലാളികളുടെ കാത്തിരിപ്പ് മാത്രം വെറുതെയാവുകയായിരുന്നു.
കണ്ണൂരിലെ ബീഡി, സിഗാർ തൊഴിലാളി ക്ഷേമനിധി ബോർഡ് അധികൃതരാണ് പെൻഷൻ വിതരണം ചെയ്യേണ്ടത്. ഈ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ കുറച്ചു പേർക്ക് പെൻഷൻ അയച്ചിട്ടുണ്ടെന്നും മറ്റുള്ളവർക്ക് ഉടനെ അയച്ചുകൊടുക്കാൻ നടപടി എടുത്തിട്ടുണ്ടെന്നും ആയിരുന്നു മറുപടി.
കഴിഞ്ഞ വർഷം രണ്ടുതവണയായി 11 മാസത്തെ പെൻഷൻ മാത്രമാണ് കിട്ടിയത്. ആ വർഷം ഒരു മാസത്തെ പെൻഷൻ നഷ്ടപ്പെട്ടുവെന്നും ആരോപണമുണ്ട്. ഏറ്റവും അവസാനം ഓണത്തിനാണ് നാല് മാസത്തെ പെൻഷൻ തുക ബീഡി തൊഴിലാളികൾക്ക് ലഭിച്ചത്.
4 മാസത്തെ പെൻഷൻ കുടിശ്ശിക
നാലു മാസത്തെ പെൻഷൻ തുക ഗുണഭോക്താക്കൾക്ക് കുടിശ്ശികയായി നൽകാനുണ്ട്. അതിൽ രണ്ടു മാസത്തെ പെൻഷൻ തുകയെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ബീഡി തൊഴിലാളികൾ. എന്നാൽ പെൻഷൻ തുക കിട്ടുമെന്ന് കരുതി കാത്തിരുന്നവർക്ക് നിരാശയായിരുന്നു ഫലമെന്ന് ബീഡി തൊഴിലാളികൾ പറയുന്നു.