തലശ്ശേരി: തലശ്ശേരിയിൽ ഹർത്താൽ പൂർണ്ണം. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു.ബസുകൾ സർവീസ് നടത്തിയില്ല. ഗവ: ആശുപത്രി പരിസരത്ത് കാലത്ത് 9.30 മണിയോടെ സമരക്കാർ വാഹനങ്ങൾ തടഞ്ഞപ്പോൾ ഇടപെട്ട പൊലീസുമായി സമരക്കാർ ഉന്തും തള്ളം നടന്നു. പൊലീസ് ജീപ്പിലേക്ക് കയറ്റിയ സമരക്കാരിൽ ചിലരെ മറ്റുള്ളവർ ചേർന്ന് ബലമായി മോചിപ്പിച്ചതും സംഘർഷാന്തരീക്ഷമുണ്ടാക്കി.

ചില ഹർത്താലനുകൂലികൾ ആശുപത്രി കോമ്പൗണ്ടിൽ ഓടിക്കയറിയതിനെ തുടർന്ന് സംഘർഷം ഗവ: ആശുപത്രി കോമ്പൗണ്ടിലേക്കും വ്യാപിച്ചു. ഇതിനിടയിൽ പരിക്കേറ്റ ഒരാളെ തലശ്ശേരി ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സി.ഐ.സനൽകുമാർ ,എസ്.ഐ.ബിനു മോഹൻ, എന്നിവർ സംഭവസ്ഥലത്തെത്തി.ട്രാഫിക് ഐലന്റിൽ നടന്ന സമരസമിതി പൊതുയോഗം സി.എൻ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.എൻ.സി.പവിത്രൻ, പാലക്കൽ സാഹിർ, ടി.പി.ശ്രീധരൻ, വാഴയിൽ വാസു എസ്.ടി.ജയ്‌സൺ, ടി.ഗോവി, വി.എം.ബഷീർ, നജ്മ ഹാഷിം എന്നിവർ പ്രസംഗിച്ചു.
വൈകീട്ട് മാടപ്പീടികയിൽ സി.പി.എം.പൊതുയോഗസ്ഥലത്ത് വാക്കേറ്റം നടത്തിയതിന് രണ്ട് ബി.ജെ.പി.പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം.മാടപ്പീടികയിൽ പ്രതിഷേധ പ്രകടനം നടത്തി. മാഹിയിൽ ഹർത്താൽ സമാധാനപരവും പൂർണ്ണവുമായിരുന്നു.