കണ്ണൂർ: കോടിക്കണക്കിനാളുകളുടെ പ്രതിഷേധത്തിന്റെ സൂചകമായി ദേശീയ പണിമുടക്കിൽ നാടെങ്ങും നിശ്ചലമായി. കേന്ദ്ര തൊഴിലാളി സംഘടനകളായ എ.ഐടി.യു.സി, സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എച്ച്. എം.എസ്, എ.ഐ.യു.ടി.യു സി, യു.ടി.യു.സി,എഐ.സി.ടി.യു എൽ.പി.എഫ്, സേവ, ടി.യു.സി എന്നീ പത്ത് കേന്ദ്ര തൊഴിലാളി സംഘടനകൾക്കൊപ്പം അദ്ധ്യാപക​-സർക്കാർ ജീവനക്കാരും വിവിധ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരും പണിമുടക്കിൽ പങ്കുചേർന്നു. ഇതോടൊപ്പം 175 കർഷകകർഷകതൊഴിലാളി സംഘടനകൾ പങ്കെടുത്ത ഗ്രാമീൺ ബന്ദുമായപ്പോൾ നാടും നഗരവും അക്ഷരാർത്ഥത്തിൽ നിശ്ചലമായി. പണിമുടക്കിൽ തൊഴിലാളികളൊന്നാകെ പങ്കെടുത്തതിന്റെ ഫലമായി ജില്ലയിലെ സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടന്നു. സ്വകാര്യബസ്സുകളുൾപ്പെടെ യാത്രാവാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങളും പൂർണ്ണമായും അടഞ്ഞുകിടന്നു. സർക്കാർ ഓഫീസുകളെല്ലാം നിശ്ചലമായിരുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങളും ബാങ്കുകളും പ്രവർത്തിച്ചില്ല. പൊതുമേഖല സ്ഥാപനങ്ങളുടെ പണിമുടക്കിയ തൊഴിലാളികൾ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ സമരകേന്ദ്രങ്ങളിൽ രാവിലെ മുതൽ വൈകീട്ട് വരെ ധർണ്ണ നടത്തി. ദേശീയ പണിമുടക്കിനോടനുബന്ധിച്ച് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ കണ്ണൂർ ടൗണിൽ നൂറുക്കണക്കിന് തൊഴിലാളികളും ജീവനക്കാരും പ്രകടനം നടത്തി. തെക്കി ബസാറിൽ തയ്യാറാക്കിയ സമരകേന്ദ്രത്തിൽ നടന്ന പൊതുസമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ. പി .സഹദേവൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നേതാവ് കെ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എം. വി. ജയരാജൻ, എ.ഐ.ടി.യു.സി നേതാക്കളായ താവം ബാലകൃഷ്ണൻ, സി. പി. സന്തോഷ് കുമാർ, എസ് .ടി. യു നേതാവ് എം. എ .കരീം, ഐ.എൻ.എൽ.സി നേതാവ് എം .ഉണ്ണികൃഷ്ണൻ, എ.ഐ.യു.ടി.യു.സി നേതാവ് എം. കെ. ജയരാജൻ, എൻ.എൽ.സി നേതാവ് ശിവദാസൻ, എൻ.എൽ.യു നേതാവ് അബൂൾ വഹാബ്, തുടങ്ങിയവർ പ്രസംഗിച്ചു.