നീലേശ്വരം: റിയൽ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഇരുചക്രവാഹനങ്ങൾ തീവെച്ച് നശിപ്പിച്ചു. നീലേശ്വരം കോട്ടപ്പുറത്ത് ഇന്നലെ പുലർച്ചെയാണ് സംഭവം. കോട്ടപ്പുറത്തെ പി. യാസ്‌മിന്റെ (45) വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങളാണ് ഇന്നലെ പുലർച്ചെ കത്തിനശിച്ചത്. കെ.എൽ 60 കെ 4722 സ്കൂട്ടർ, കെ.എൽ 14 എഫ് 1799 ബൈക്ക് എന്നീ വാഹനങ്ങളാണ് കത്തിച്ചത്.
സംഭവം സംബന്ധിച്ച് നീലേശ്വരം സി.ഐ കെ.എം മാത്യുവിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി 10 വാഹനങ്ങൾ പരിശോധന നടത്തി. ഒരുമിച്ച് റിയൽ എസ്റ്റേറ്റ് ഇടപാട് നടത്തുന്ന തൃക്കരിപ്പൂർ തങ്കയത്തെ ജാഫർ, മടക്കരയിലെ സത്താർ എന്നിവരുടെ നേതൃത്വത്തിലാണ് ഇരുചക്രവാഹനങ്ങൾ കത്തിച്ചത് എന്ന് യാസ്മിൻ നീലേശ്വരം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. ഇരുവരും ചേർന്ന് യാസ്മിന് മൂന്നുലക്ഷം രൂപ നൽകാനുണ്ട്. ഇത് ചോദിച്ചതിന് ഇവർ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സംഭവം സംബന്ധിച്ച് വ്യക്തമായ നിഗമനത്തിൽ എത്തിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.