health

ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിൽ നമ്മൾ കാര്യമായ ശ്രദ്ധയൊന്നും നല്കാറില്ല. ഇതിനാൽ ഒടുവിൽ മനുഷ്യന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ആശുപത്രികളിൽ ചെലവഴിക്കേണ്ടതായും വരും. ദൈനംദിന ജീവിതത്തിൽ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന നിരവധി കാര്യങ്ങളെയാണ് നാം അഭിമുഖീകരിക്കുന്നത്. അന്തരീക്ഷ മലിനീകരണം, കഴിക്കുന്ന ആഹാരത്തിലെ വിഷാംശങ്ങൾ, ഓരോരുത്തരുടെയും ജോലിയുടെ സാഹചര്യം തുടങ്ങിയവയൊക്കെ ആരോഗ്യത്തെ ബാധിക്കും. ഒരു പരിധിവരെ ഇതൊന്നും നമുക്ക് ഒഴിവാക്കാനും കഴിയില്ല.

എന്നാൽ മനസുവെച്ചാൽ നമുക്ക് ഒരു പരിധിവരെ ആരോഗ്യം നിലനിർത്തി മുന്നോട്ടുപോകാനാകും. ഇതിനായി ശീലിക്കേണ്ട കാര്യങ്ങളിലൊന്നാണ് വ്യായാമം. വ്യായാമം പലരീതിയിൽ നമുക്ക് ചെയ്യാനാകും. ശരീരത്തിൽ ധാരാളം ഓക്‌സിജൻ എത്തിക്കുന്ന തരത്തിലുള്ള വ്യായാമങ്ങൾ ഉണ്ട്. മറ്റുള്ളവ ശരീരത്തിന്റെ പേശികളുടെ ശക്തി കൂട്ടാൻ ഉപകരിക്കും. ഓക്‌സിജൻ കൂടുതൽ ശരീരത്തിൽ എത്തിക്കുന്ന വ്യായാമങ്ങൾ 20 മിനുട്ട് എങ്കിലും ചെയ്യേണ്ടതാണ്. ഇത് ശ്വാസകോശങ്ങൾ, ഹൃദയം എന്നിവയുടെ പ്രവർത്തനം ഉത്തേജിപ്പിക്കുന്നു. അതുവഴി പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയവയെ ചെറുക്കാനാകും.
വ്യായാമത്തിനായി ജിംനേഷ്യങ്ങളെ ആശ്രയിക്കുന്നവരുമുണ്ട്. ഇത്തരം വ്യായാമങ്ങൾ മാംസപേശികളെ ദൃഢപ്പെടുത്തുന്നതിനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായകരമാണ്. ഏത് തരം വ്യായാമങ്ങൾ ആവട്ടെ അത് ഓരോ വ്യക്തിയുടെയും ശരീരഘടന അനുസരിച്ച് അവരുടെ ആവശ്യകതയുമായി ബന്ധപ്പെട്ടിരിക്കുന്നു. 'വ്യായാമം അർദ്ധശക്ത്യാ" എന്നും പറയാറുണ്ട്. വ്യക്തിയുടെ പകുതി ശക്തിമാത്രം ഉപയോഗിച്ചേ വ്യായാമങ്ങളാകാവൂ. അല്ലെങ്കിൽ ദോഷഫലങ്ങൾ ഉണ്ടാകും.
വ്യായാമം കൊണ്ട് ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാം. നല്ല ഉറക്കം ലഭിക്കും. ആന്തരീക അവയവങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുക, ദഹനശക്തി കൂടുക, ത്വക്ക്, മാംസപേശി, ഇവിടങ്ങളിലെല്ലാം രക്തയോട്ടംനന്നായി ഉണ്ടാവുക തുടങ്ങി നിരവധി ഗുണങ്ങൾ ഉണ്ട്. ദിവസം 30 മിനുട്ട് നേരമെങ്കിലും വ്യായാമം ശീലമാക്കണം.

ഡോ. ത്രിജിൽ കൃഷ്ണൻ ഇ.എം,
അസി. പ്രൊഫസർ,
PNNM ആയുർവേദ
മെഡിക്കൽ കോളേജ്,
ചെറുതുരുത്തി, തൃശൂർ.

ഫോൺ: 9809336870.