കാസർകോട്: തിരുപ്പതി ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മഞ്ചേശ്വരം സ്വദേശികൾ സഞ്ചരിച്ച സൈലോ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലും വൈദ്യുതി തൂണിലുമിടിച്ച് മൂന്നുപേർ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു.
ഇന്നലെ പുലർച്ചെ ബംഗളൂരു രാമനഗറിലായിരുന്നു അപകടം. ഹൊസങ്കടി ബെജ്ജയിലെ കിഷൻ ഭണ്ഡാരി (30), കടമ്പാർ കട്ടയിലെ മോണപ്പ (50), ഹൊസബെട്ടു ബീച്ച് റോഡിലെ അക്ഷയ് (24) എന്നിവരാണ് മരിച്ചത്. മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബെജ്ജയിലെ ചന്ദ്രശേഖർ, കടമ്പാറിലെ തമ്മ എന്ന ബാലകൃഷ്ണൻ, മജ്ബയലിലെ സതീശൻ, മിയാപദവ് സ്വദേശികളായ പുഷ്പരാജ്, മഹാബല, സാലത്തൂർ അളിക്കയിലെ രാഘവേന്ദ്ര എന്നിവരെ പരിക്കുകളോടെ ബംഗളൂരുവിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
ശബരിമല ദർശനം കഴിഞ്ഞ് തിരികെ എത്തിയ സംഘം ചൊവ്വാഴ്ചയാണ് തിരുപ്പതി ക്ഷേത്രദർശനത്തിന് പുറപ്പെട്ടത്. കിഷൻ ഭണ്ഡാരി സ്വകാര്യ ബസ് ഡ്രൈവറാണ്. ബെജ്ജയിലെ വസന്തൻ-സുധ ദമ്പതികളുടെ മകനാണ്. ഭാര്യ സുസ്മിത ഗർഭിണിയാണ്. മാറുപൂജാരി -മുത്തു ദമ്പതികളുടെ മകനായ മോണപ്പ സെൻട്രിംഗ് കരാറുകാരനാണ്. ഭാര്യ: നമിത. മക്കൾ: സുധീർ, സന്തോഷ്. പെയിന്റിംഗ് തൊഴിലാളിയായ അക്ഷയ് സുന്ദരൻ - ഗിരിജ ദമ്പതികളുടെ മകനാണ്. സഹോദരി: അശ്വിനി.