നീലേശ്വരം: ഏറെ വിവാദങ്ങൾക്കും സമരങ്ങൾക്കും ശേഷം ആരംഭിച്ച് നിർത്തിവെച്ച പള്ളിക്കര റെയിൽവേ മേൽപ്പാലം നിർമ്മാണ പ്രവൃത്തി വീണ്ടും ആരംഭിച്ചു. കഴിഞ്ഞ പത്തു മാസമായി നിലച്ച നിർമാണ പ്രവൃത്തിയാണ് വീണ്ടും ആരംഭിച്ചത്.

നിലവിലുള്ള റെയിൽവേ ഗേറ്റ് മാറ്റി സ്ഥാപിക്കുന്നതിനു റെയിൽവേയുടെ സാങ്കേതികാനുമതി ലഭിക്കാൻ വൈകിയതാണ് നിർമ്മാണം നിലയ്ക്കാൻ കാരണം. അനുമതി ലഭിച്ചതോടെ നിലവിലുള്ള ഗേറ്റിന് 20 മീറ്റർ ദൂരെ തെക്ക് ഭാഗത്ത് പുതിയ ഗേറ്റ് സ്ഥാപിക്കലും ഇലക്ട്രിക്കൽ അനുബന്ധ പ്രവൃത്തിയും ദ്രുതഗതിയിൽ നടന്ന് വരുന്നു.

ഈമാസം അവസാനത്തോടെ പുതിയ ഗേറ്റ് സ്ഥാപിക്കൽ പ്രവൃത്തി പൂർത്തിയായാൽ വാഹന ഗതാഗതം ഈ വഴി തിരിച്ചുവിടും. തുടർന്ന് മേൽപ്പാലത്തിന്റെ അനുബന്ധ തൂണുകളുടെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് നിർമ്മാതാക്കൾ പറയുന്നത്.

എറണാകുളം പെരുമ്പാവൂർ ഇ.കെ.കെ ഇൻഫ്രാസ്‌ട്രെക്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് നിർമ്മാണ ചുമതല. 65 കോടി രൂപയാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് പാലം നിർമ്മാണത്തിനായി അനുവദിച്ചത്. ദേശീയപാത 45 മീറ്റർ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ 12 മീറ്റർ വീതം വീതിയിലുള്ള രണ്ട് പാലങ്ങളായാണ് നിർമ്മാണം നടക്കുക. സംസ്ഥാനത്തെ ആദ്യ ആറ് വരി മേൽപ്പാലമായിരിക്കും പള്ളിക്കരയിൽ നിർമ്മിക്കുന്നത്.

ചെറുവത്തൂർ കാടങ്കോട് ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥി നിക്ഷേപ പദ്ധതി ജില്ലാ സഹകരണ രജിസ്ട്രാർ വി. മുഹമ്മദ് നൗഷാദ് ഉദ്ഘാടനം ചെയ്യുന്നു.