കൊല്ലൂർ: വിശ്വഗായകൻ കെ.ജെ യേശുദാസ് ഒരു ജന്മനാളിന്റെ സുദിനം കൂടി ഓർമിപ്പിച്ച് എത്തിയതോടെ കൊല്ലൂർ സംഗീതത്തിന്റെ തന്ത്രികളിൽ അലിഞ്ഞുചേർന്നു. ഗാനഗന്ധർവന്റെ എൺപതാം പിറന്നാൾ ആഘോഷങ്ങൾക്ക് ഇന്ന് രാവിലെ വാഗ്‌ദേവതയുടെ സന്നിധിയിൽ തുടക്കമായി. ജനുവരി 10 കൊല്ലൂരിൽ ഒരു ഉത്സവകാലം പോലെ കൊണ്ടാടുന്ന സംഗീത പ്രേമികളായ പ്രിയഗായകന്റെ ആരാധകർ തലേന്നാൾ തന്നെ അമ്മയുടെ സന്നിധിയിൽ എത്തിയിരുന്നു. പ്രണയമായും സന്തോഷമായും സങ്കടമായും വിരഹമായും തങ്ങളുടെ മനസ്സിൽ നിത്യേന കുടികൊള്ളുന്ന ആ പ്രിയശബ്ദത്തിന്റെ ഉടമയെ കാണാനും അടുത്ത് പരിചയപ്പെടാനും പിറന്നാൾ ആശംസകൾ നേരാനും സംഗീത, സിനിമാ ലോകത്തെ പ്രമുഖരും കൊല്ലൂരിൽ എത്തിയിട്ടുണ്ട്.
ലോകത്തിന്റെ ഏത് കോണിലായിരുന്നാലും മുടങ്ങാതെ ജന്മനാൾ ആഘോഷിക്കാൻ കൊല്ലൂർ ശ്രീ മൂകാംബിക ദേവിയുടെ മുന്നിൽ എത്തുന്ന ഗാനഗന്ധർവ്വൻ ഇന്നലെ രാത്രി തന്നെ കുടുംബസമേതം കൊല്ലൂരിൽ എത്തിയിരുന്നു. നാലര പതിറ്റാണ്ടായി തുടരുന്ന യേശുദാസിന്റെ സപര്യയാണ് ഈ ദേവീസമർപ്പണം. മനസും ശരീരവും സംഗീതവും അമ്മയുടെ മുമ്പിൽ സമർപ്പിക്കുക, അമ്മയുടെ മുമ്പിൽ കീർത്തനം ആലപിച്ചു ശുദ്ധത വരുത്തുക, അനുഗ്രഹം വാങ്ങി മടങ്ങുക എന്ന തന്റെ കർമ്മങ്ങൾക്ക് ഭംഗം വരാതെ നോക്കിയിട്ടുണ്ട് പ്രിയഗായകൻ.
മംഗളൂരു വിമാനത്താവളം വഴി ഇന്നലെ രാത്രി ഒമ്പത് മണിയോടെ കൊല്ലൂരിൽ എത്തിയ യേശുദാസിനെയും കുടുംബത്തെയും ക്ഷേത്രം ട്രസ്റ്റി പി.വി അഭിലാഷിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. പത്നി പ്രഭാ യേശുദാസ്, മക്കളായ വിജയ് യേശുദാസ്, വിനോദ് യേശുദാസ്, വിശാൽ യേശുദാസ് എന്നിവരും അവരുടെ കുടുംബവും പേരമക്കളും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. രാവിലെ സൗപർണിക നദിയിൽ കുളിച്ച് തൊഴുകൈകളോടെ അമ്മയുടെ മുമ്പിൽ ദർശനം നടത്തിയ യേശുദാസും കുടുംബവും രാമചന്ദ്ര അഡിഗയുടെ നേതൃത്വത്തിൽ നടത്തിയ പൂജാദികർമ്മങ്ങളിൽ പങ്കെടുത്തു.
ഗാനഗന്ധർവന് വേണ്ടി പ്രത്യേകം ചണ്ഡികാ ഹോമവും നടന്നു. തുടർന്ന് കീർത്തനാലാപനം നടത്തി. ഉച്ചക്ക് ശേഷം യേശുദാസിന്റെ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി പ്രശസ്ത സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തിൽ നടത്തുന്ന സംഗീതാർച്ചനയിൽ സംബന്ധിക്കും. യേശുദാസിന്റെ ഷഷ്ടിപൂർത്തിയോടനുബന്ധിച്ച് 2000-ത്തിലാണ് മൂകാംബികാ സംഗീതാരാധനാ സമിതിയുടെ ആഭിമുഖ്യത്തിൽ കൊല്ലൂരിൽ സംഗീതാർച്ചനക്ക് തുടക്കം കുറിച്ചത്. വൈകുന്നേരം വരെ നീളുന്നതാണ് സംഗീതാരാധന. സമിതി ഏർപ്പെടുത്തിയ ആറാമത് 'സൗപർണ്ണികാമൃതം' പുരസ്കാരം കൊച്ചിയിലെ സംഗീതജ്ഞൻ ടി.എസ്. രാധാകൃഷ്ണന് സംഗീതാർച്ചനാ വേദിയിൽ നടക്കുന്ന ചടങ്ങിൽ യേശുദാസ് സമ്മാനിക്കും.