അഴീക്കോട്:വൻകുളത്തുവയലിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം അക്ലിയത്ത് ശിവക്ഷേത്രം പടിഞ്ഞാറെ നടയ്‌ക്കടുത്ത് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഏഴു വയസുകാരന്റെ മുഖം നായ കടിച്ചു പരിക്കേല്പിച്ച സംഭവത്തോടെ പ്രദേശവാസികൾ ഭീതിയിലാണ്. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് നായ ഓടി വന്ന് കുട്ടിയെ കടിച്ചത്. മുടപ്പത്തി രാജേഷിന്റെ മകൻ നിരഞ്ജനാണ് ( 7 ) നായയുടെ കടിയേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
നായ്‌ക്കൾ കൂട്ടമായാണ് പ്രദേശത്ത് എത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. പൊതു ഇടങ്ങളിലും ആൾ വാസമില്ലാത്ത പറമ്പുകളിലും രാത്രികാലങ്ങളിൽ ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുന്നത് തെരുവുനായകൾ കൂട്ടമായി എത്തുന്നതിന് കാരണമാകുന്നുണ്ട്. അവശിഷ്ടങ്ങൾ ഭക്ഷിക്കാൻ നായ്‌ക്കൾ കടിപിടികൂടുന്നത് നിത്യസംഭവമാണ്. പ്രഭാതസവാരി നടത്തുന്നവർക്കും പ്രായമായവർക്കും വിദ്യാർത്ഥികൾക്കും റോഡുകളിൽ വിഹരിക്കുന്ന നായ്‌ക്കൾ ഏറെ ഭീതി സൃഷ്ടിക്കുകയാണ്.തെരുവ് നായ്ക്കളെ തുരത്താൻ പഞ്ചായത്ത് കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.