കാഞ്ഞങ്ങാട്: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കുമെതിരെ 17ന് കാഞ്ഞങ്ങാട്ട് പൗരത്വ സംരക്ഷണ മഹാ റാലി സംഘടിപ്പിക്കാൻ ചെയർമാൻ മെട്രോ മുഹമ്മദ് ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൗരത്വ സംരക്ഷണ സംയുക്ത സമിതി യോഗം തീരുമാനിച്ചു. നമ്മളൊന്ന് എന്ന ബാനറിൻ കീഴിലാണ് റാലി നടക്കുക.
അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് മുഹമ്മദ് സുലൈമാൻ ഇംതിയാസ്, പഞ്ചാബിലെ മനുഷ്യാവകാശ ഫാസിസ്റ്റു വിരുദ്ധ പോരാട്ടങ്ങളുടെ നായകരും കത്വ, ഉന്നാവ പീഡന കൊലപാതക കേസുകളിലെ ഇരകളുടെ അഭിഭാഷകരുമായ അഡ്വ. എസ്.ആർ. ബെയ്ൻസ്, അഡ്വ. മുബീൻ ഫാറൂഖി എന്നിവരും കേരളത്തിലെ പ്രമുഖ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മത നേതാക്കളും മന്ത്രിമാരും ജനപ്രതിനിധികളും സമ്മേളനത്തിൽ പ്രസംഗിക്കും. വൈകിട്ട് മൂന്ന് മണിക്ക് അലാമിപ്പള്ളി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിക്കുന്ന പ്രകടനവും നോർത്ത് കോട്ടച്ചേരിയിൽ സമാപന സമ്മേളനവും നടക്കും.