തൃക്കരിപ്പൂർ: ആറു വർഷങ്ങൾക്ക് മുമ്പ് പ്രവർത്തി ആരംഭിച്ച ആയിറ്റി ജലഗതാഗത വകുപ്പിന്റെ സ്ലിപ് വേ നിർമ്മാണം ഒച്ചിഴയും വേഗത്തിൽ. നിർമ്മാണമേറ്റെടുത്ത സിൽക്കിന്റെയും നിർമ്മാണമേൽപ്പിച്ച ജലഗതാഗത വകുപ്പധികൃതരുടെയും തികഞ്ഞ കെടുകാര്യസ്ഥതയാണ് ഇതിനു കാരണമെന്നാണ് ആരോപണം.

2014 ൽ കണ്ണൂർ സിൽക്കാണ് ആയിറ്റിയിൽ സ്ലിപ്‌വേ നിർമ്മിക്കാൻ കരാർ ഏറ്റെടുത്തത്. മൂന്നു വർഷങ്ങൾക്ക് ശേഷം പണിപൂർത്തിയായി വകുപ്പ് മന്ത്രി കമ്മീഷൻ ചെയ്യുമെന്ന് അറിയിച്ചിരുന്നുവെങ്കിലും നിർമ്മാണത്തിന്റെ ഗുണനിലവാരം പരിശോധിക്കാനായി ഇതിലൂടെ ബോട്ട് കയറ്റിയപ്പോൾ, സ്ലിപ്പ്‌വേ തകർന്നു. ഇതേ തുടർന്ന് ഉദ്ഘാടനം മാറ്റിവെക്കുകയും വകുപ്പ് തല അന്വേഷണം നടത്തുന്നതിന് ഉത്തരവിടുകയും ചെയ്തിരുന്നു. അന്വേഷണം പൂർത്തിയാക്കി അറ്റകുറ്റപ്പണി നടത്താൻ വീണ്ടും സിൽക്കിനെ തന്നെ ഏൽപ്പിക്കുകയായിരുന്നു.

സിൽക്ക് പിന്നീട് സ്വകാര്യ കരാറുകാരന് സബ് കോൺട്രാക്റ്റ് നൽകി. വർഷം പിന്നെയും കഴിഞ്ഞിട്ടും സ്ലിപ് വേ പ്രവ‌ർത്തനക്ഷമമായിട്ടില്ല. നിർമ്മാണത്തിലെ അപാകത കണ്ടെത്തുകയും അതു പരിഹരിക്കുകയും ചെയ്യുന്നതിനുള്ള നടപടിയാണ് കണ്ണൂർ സിൽക്ക് നടത്തിവരുന്നത്.

കവ്വായി കായലിൽ നിന്നും ഉദ്ദേശം 60 മീറ്ററോളം കരയിലേക്ക് പ്രത്യേക ചാൽ ഉണ്ടാക്കിയാണ് സ്ലിപ്‌വെ നിർമ്മിച്ചത്. കൊറ്റി - കോട്ടപ്പുറം നാവിഗേഷൻ ജലപാതയിൽ ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസുകൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ആയിറ്റി കടവിൽ സ്ലിപ്‌വേയും വർക്ക് ഷോപ്പും അനുവദിച്ചത്. സ്ലിപ്‌വേയുടെ പണി പൂർത്തിയാകാത്തതിനാൽ വർക്ക് ഷോപ്പും ആരംഭിച്ചിട്ടില്ല.

ആലപ്പുഴയിലെ വർക്ക് ഷോപ്പുകളിൽ നിന്നും ജീവനക്കാർ എത്തിയും സ്വകാര്യ വർക്ക് ഷോപ്പുകളെ ആശ്രയിച്ചുമാണ് ഇപ്പോൾ സർവീസ് നടത്തുന്ന ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നത്. ഇത് യാത്രാ ബോട്ടുകളുടെ സർവീസ് മുടങ്ങുന്നതിനു കാരണമാകുന്നു. മാത്രമല്ല അറ്റകുറ്റപ്പണികൾക്ക് ഭാരിച്ച തുക ചെലവാകുകയും ചെയ്യുന്നുണ്ട്.

64 ലക്ഷം രൂപ

ജലഗതാഗത വകുപ്പിന്റെ സർവീസ് ബോട്ടുകൾ കരയിൽകയറ്റി റിപ്പയർ ചെയ്യുന്നതിനായാണ് 64 ലക്ഷം രൂപ എസ്റ്റിമേറ്റിൽ ആയിറ്റി കടവിൽ സ്ലിപ് വേ അനുവദിച്ചത്.


ഫെബ്രവരി മദ്ധ്യത്തോടെ കമ്മിഷൻ ചെയ്യും: സിൽക് അധികൃതർ

ആയറ്റി ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ കരയിൽ കയറ്റി റിപ്പയർ ചെയ്യാനുള്ള സ്ലിപ്‌വേ നിർമ്മാണം 90 ശതമാനം പുർത്തിയായി. സാങ്കേതിക വിഭാഗത്തിന്റെ പരിശോധനയും നടന്നു. ഫെബ്രവരി 15 നകം കമ്മിഷൻ ചെയ്യും. നിർമ്മാണ പ്രവൃത്തിയിലെ ചില പിടിപ്പുകേടുകൾകൊണ്ട് ഫൗണ്ടേഷൻ തകർന്നിരുന്നു. ഇതാണ് കാലതാമസം ഉണ്ടാകാൻ ഇടയായത്. റീ ബിൽഡിനായി സിൽക്കിന് വലിയൊരു തുക വീണ്ടും ചെലവാക്കേണ്ടിയും വന്നിട്ടുണ്ട്.