കൂത്തുപറമ്പ്: പൊലീസ് നടത്തിയ റെയ്ഡിൽ പത്തംഗ ചീട്ടുകളി സംഘത്തെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 5, 05,300 രൂപ പൊലീസ് പിടിച്ചെടുത്തു. വ്യാഴാഴ്ച രാത്രി നിർമ്മലഗിരിക്കടുത്ത മൂന്നാംപീടികയിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് വൻ ചീട്ടുകളി സംഘത്തെ പിടികൂടിയത്.കൂറുമ്പ ഭഗവതി ക്ഷേത്രത്തിനടുത്ത ആൾതാമസമില്ലാത്ത സ്ഥലത്ത് ടാർപോളിൻ ഷീറ്റ് കെട്ടിയായിരുന്നു കളി..ഏതാനും പേർ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രതികളിൽ നിന്ന് എട്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. കൂത്തുപറമ്പ് പൊലീസ് ഇൻസ്പെക്ടർ എം.പി.ആസാദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. എസ്.ഐ. കെ.വി.സ്മിതേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ.എ.സുധി, സി.വി.അനിൽകുമാർ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.