ചെറുവത്തൂർ: പൂരക്കളി കലാകാരന്മാരുടെ സംസ്ഥാന തലത്തിലുള്ള പുതിയ സംഘടന കേരള ക്ഷേത്ര പൂരക്കളി അക്കാഡമി നാളെ നിലവിൽ വരുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിനായി വൈകീട്ട് മൂന്നിന് പാലായി ശ്രീ പാലാ കൊഴുവൽ ക്ഷേത്രപരിസരത്ത് വിപുലമായ കൺവെൻഷൻ വിളിച്ചു ചേർക്കും.

പയ്യന്നൂരിൽ നടന്ന കേരള പൂരക്കളി കലാഅക്കാഡമി ജനറൽ ബോഡി യോഗത്തിൽ നിന്ന് ഒരു വിഭാഗം പ്രവർത്തകർ ഇറങ്ങിപ്പോയിരുന്നു. നിലവിലുള്ള ഭാരവാഹികൾ ഭരണഘടനാവിരുദ്ധമായ നിലപാടുകൾ സ്വീകരിച്ചെന്നാണ് ഇവരുടെ ആരോപണം.

ജാതിയോ, രാഷ്ട്രീയമോ പ്രശ്നമല്ലെന്നും പൂരക്കളിയെ നേർവഴിക്ക് നയിക്കുക എന്ന ലക്ഷ്യം മാത്രമേയുള്ളൂവെന്നും സംഘാടകർ ചൂണ്ടിക്കാട്ടി. നിലവിലുള്ള സംഘടനയുടെ 35 അംഗ സംസ്ഥാന കമ്മിറ്റിയിലെ 13 പേർ പുതിയ സംഘടനയിലുണ്ടെന്നും കൺവെൻഷനോടെ കൂടുതൽ യൂനിറ്റുകൾ കൂടെ ചേരുമെന്നും ഇവർ സൂചിപ്പിച്ചു. വാർത്താ സമ്മേളനത്തിൽ പി.പി. സുധാകരൻ, കൃഷ്ണൻ മഞ്ഞത്തൂർ, ബാലൻ പാലായി, കാട്ടാമ്പള്ളി നാരായണൻ, വി. ജനാർദ്ദനൻ, കെ.പി. രാഘവൻ, പ്രദീപൻ തുരുത്തി, ഇ.പി. ഷാജി പങ്കെടുത്തു.