കുടകൊല്ലൂർ: സൗപർണിക നദിയിലെ സ്വരരാഗ പ്രവാഹത്തെ സാക്ഷിയാക്കി ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന് വാഗീശ്വരീ സന്നിധിയായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ എൺപതാം ജന്മദിനമാഘോഷിച്ചു. തിങ്ങിയ ആരാധകർക്കിടയിലൂടെ വാഗ്‌ദേവതയുടെ മുന്നിലേക്ക് ഗാനഗന്ധർവനെത്തിയതോടെ ക്ഷേത്രപരിസരം സംഗീത തന്ത്രികളിലലിഞ്ഞു. ലോകത്തെവിടെയായാലും മുടങ്ങാതെ ജന്മനാൾ ആഘോഷിക്കാൻ മൂകാംബികാ ദേവിക്ക് മുന്നിലുണ്ടാകും യേശുദാസ്. ഈ പതിവിന് നാലര പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. എൺപതാം പിറന്നാളിലും ആ പതിവ് തെറ്റിയില്ല. തലേദിവസം തന്നെ കുടുംബസമേതം കൊല്ലൂരിലെത്തിയിരുന്നു. ഭാര്യ പ്രഭ യേശുദാസ്, മക്കളായ വിജയ് യേശുദാസ്, വിനോദ് യേശുദാസ്, വിശാൽ യേശുദാസ് എന്നിവരും അവരുടെ ഭാര്യമാരും മക്കളും ഒപ്പമുണ്ടായിരുന്നു.
രാവിലെ എട്ടരയോടെ സൗപർണികയിലിറങ്ങിയ അദ്ദേഹം തുടർന്ന് തൊഴുകൈകളോടെ ക്ഷേത്ര ദർശനം നടത്തി. ഗോവിന്ദ് അഡിഗയുടെ നേതൃത്വത്തിൽ നടന്ന പൂജയിൽ പങ്കെടുത്തു. യേശുദാസിനായി പ്രത്യേക വഴിപാടായ ചണ്ഡികാ ഹോമവും നടന്നു. തുടർന്ന് ഭക്തർക്കൊപ്പം ക്ഷേത്രപ്രദക്ഷിണവും നടത്തി. വൈകിട്ടത്തെ ദീപാരാധനയിലും പങ്കെടുത്തശേഷമാണ് മടങ്ങിയത്.
പനിയും ആരോഗ്യപ്രശ്‌നങ്ങളും കാരണം പതിവ് കീർത്തനാലാപനം യേശുദാസ് ഒഴിവാക്കി. ഗാനഗന്ധർവനെ അടുത്ത് പരിചയപ്പെടാനും പിറന്നാൾ ആശംസകൾ നേരാനും സംഗീത, സിനിമാലോകത്തെ പ്രമുഖരും കൊല്ലൂരിലെത്തിയിരുന്നു.
യേശുദാസിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തിൽ സംഗീതാർച്ചനയും നടന്നു. സംഗീതാരാധന സമിതി ഏർപ്പെടുത്തിയ ആറാമത് 'സൗപർണികാമൃതം" പുരസ്‌കാരം കൊച്ചിയിലെ പ്രശസ്ത സംഗീതജ്ഞൻ ടി.എസ്. രാധാകൃഷ്ണന് യേശുദാസ് സമ്മാനിച്ചു. ആരോഗ്യകാരണങ്ങളാൽ സംഗീതാർച്ചനയിലും യേശുദാസ് പങ്കെടുത്തില്ല.
ക്ഷേത്രത്തിന്റെ പ്രത്യേകം ആദരവ്
എൺപതാം പിറന്നാൾ ആഘോഷിക്കാനെത്തിയ യേശുദാസിനെ കൊല്ലൂർ മൂകാംബിക ക്ഷേത്രം ഭരണസമിതി പ്രത്യേകം ആദരിച്ചു. ക്ഷേത്രം ഓഫീസിലെത്തിയ യേശുദാസിനെ ട്രസ്റ്റി പി.വി. അഭിലാഷ് പൊന്നാടയണിയിച്ചു സ്വീകരിച്ചു. വഴിപാടിനായി നിവേദിക്കാൻ നൽകിയ ഫലങ്ങളും പുഷ്പവും ത്രിമധുരവും പ്രസാദവും പട്ടും ട്രസ്റ്റിയും പൂജാരി ഗോവിന്ദ് അഡിഗയും ക്ഷേത്രം ഭാരവാഹികളും ചേർന്ന് നൽകി. ജന്മദിനാഘോഷ ചടങ്ങുകൾ നടത്തിയതിന് ഹൃദയം തുറന്ന് നന്ദി പറഞ്ഞാണ് യേശുദാസ് ക്ഷേത്രത്തിൽ നിന്നിറങ്ങിയത്.