ശ്രീകണ്ഠാപുരം : ചെങ്ങളായി ഗ്രാമപഞ്ചായത്ത് ഐഎസ്ഒ പ്രഖ്യാപനവും കേരളോത്സവ വിജയികൾക്കുള്ള അനമോദനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ .വി സമേഷ് നിർവഹിച്ചു.
പൊതുജനങ്ങൾക്ക് കൃത്യസമയത്തും വേഗത്തിലും ഗുണനിലവാരമുള്ള സേവനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പ്രവർത്തനങ്ങളാണ് ചെങ്ങളായി പഞ്ചായത്തിനെ ഐഎസ്ഒ അംഗീകാരത്തിനർഹമാക്കിയത്. പഞ്ചായത്ത് ഓഫീസും അനുബന്ധ സ്ഥാപനങ്ങളും ഉൾപ്പെടെ ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്ന് നില കെട്ടിടത്തിലാണ് ഓഫീസ് സ്ഥിതിചെയ്യുന്നത്. രണ്ട് കോടി രൂപ ചെലവിട്ട് നിർമ്മിച്ച കെട്ടിടത്തിൽ കുടുംബശ്രീ, ഐ സി ഡി എസ്, എൻ ആർ ഇ ജി എ, വി ഇ ഒ , എൽ എസ് ജി ഡി എഞ്ചിനീയറിംഗ് വിഭാഗം ഓഫീസുകളും മിനി കോൺഫറൻസ് ഹാളും 300 പേർക്കിരിക്കാവുന്ന പൊതു മീറ്റിംഗ് ഹാളും സജ്ജീകരിച്ചിട്ടുണ്ട്. പഞ്ചായത്തിലെത്തുന്നവർക്കായി ഇരിപ്പിടം, കുടിവെള്ളം, ടോക്കൺ സമ്പ്രദായം, ടെലിവിഷൻ സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.
ചെങ്ങളായി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്‌നകുമാരി അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ പി കെ ചിത്രലേഖ, ചെങ്ങളായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ഭാസ്‌കരൻ, സെക്രട്ടറി ശാർങധരൻ, അസിസ്റ്റന്റ് സെക്രട്ടറി എസ് സ്മിത, സ്ഥിരംസമിതി അധ്യക്ഷന്മാർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ചെക്യേരി പട്ടികവർഗ കോളനിയിൽ ജില്ലാകളക്ടറെത്തി
കൂത്തുപറമ്പ് : കോളയാട് പഞ്ചായത്തിലെ ചെക്യേരി പട്ടികവർഗ കോളനിയിലെ പാർപ്പിടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്ന് ജില്ലാ കnക്ടർ ടി വി സുഭാഷ്. കോളനി സന്ദർശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി എം എ വൈ പദ്ധതിയിൽ ഉൾപ്പെടുത്തി മുപ്പത് പേർക്ക് വീട് നിർമ്മിച്ച് കൊടുക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു. ജലനിധി കുടിവെള്ള പൈപ്പ് പൊട്ടിയ പരാതിയിൽ പൈപ്പ് എത്രയും പെട്ടെന്ന് നന്നാക്കാനുള്ള നടപടി കൈക്കൊള്ളുമെന്ന് കളക്ടർ വ്യക്തമാക്കി. കുടുംബശ്രീ മിഷൻ മുഖേന കോളനി നിവാസികൾക്ക് ഉപജീവനം കണ്ടെത്തുന്നത്തിന് പരിശീലനം നല്കാനും കളക്ടർ നിർദേശം നൽകി.
റോഡ് ഇല്ലാത്തതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് കളക്ടർക് ലഭിച്ചത്. ചെക്യേരി നായ്ക്കരിമ്പിൽ റോഡ്, ചെക്യേരി കരിമ്പിൽ റോഡ് എന്നീ രണ്ടു റോഡുകളും പാലവും നിർമ്മിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട പരാതിക്ക് നിയമാനുസൃത നടപടി സ്വീകരിക്കാമെന്നും അധികൃതർ അറിയിച്ചു. വന്യജീവിശല്യത്തിനു പരിഹാരം കാണാമെന്നും കളക്ടർ അറിയിച്ചു. കോളനിയിൽ ആയുർവേദ ക്യാമ്പ് നടത്താനും തീരുമാനമായി. പാരമ്പര്യ വൈദ്യൻമാരായ രണ്ടു പേർക്ക് വൈദ്യചികിത്സയ്ക്കായി ചികിത്സാകേന്ദ്രം നിർമ്മിച്ച് നൽകുമെന്നും ജില്ലാകളക്ടർ ഉറപ്പ് നൽകി.
കണ്ണൂർ അസിസ്റ്റന്റ് കളക്ടർ ഡോ ഹാരിസ് റഷീദ്, തലശ്ശേരി സബ് കളക്ടർ ആസിഫ് കെ യൂസഫ്, ഐടിഡിപി പ്രൊജക്ട് ഓഫീസർ ജാക്ലിൻ ഷൈനി ഫെർണാണ്ടസ്, റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ഡി ഹരിലാൽ, കോളയാട് പഞ്ചായത്ത് സെക്രട്ടറി മുന്ന പി സദാനന്ദൻ, മെമ്പർ ഗീത ജയരാജൻ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ടി കെ സജിത, കുടുംബശ്രീ മിഷൻ പ്രതിനിധികൾ പങ്കെടുത്തു