കൂത്തുപറമ്പ്: പുരോഗമന കലാസാഹിത്യ സംഘം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരളാ ടാക്കീസിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് കൂത്തുപറമ്പിൽ തുടക്കമായി. രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള പതിനഞ്ചോളം സിനിമകളാണ് ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുക.ഷെറി സംവിധാനം ചെയ്ത കഖഗഘങ യുടെ പ്രദർശനത്തോടെയാണ് ഫിലിംഫെസ്റ്റിവലിന് തുടക്കമായത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ചലച്ചിത്ര പ്രദർശനം സംവിധായകൻ ഷെറി ഉദ്ഘാടനം ചെയ്തു.
ബ്ളോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ കെ.ധനഞ്ജയൻ അദ്ധ്യക്ഷത വഹിച്ചു. സംവിധായകരായ പ്രദീപ് ചൊക്ലി, സന്ദീപ് രവിന്ദ്രനാഥ്, സി.മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. രണ്ടാം ദിവസമായ ഇന്ന് കാന്തൻ ദ ലവർ ഓഫ് കളേഴ്സ്, നൈറ്റ് ആൻഡ് ഫോഗ്, ബുക്ക് ഷെൽഫ് എന്നിവയും പ്രദർശിപ്പിക്കും.തുടർന്ന് വൈകിട്ട് 5 മണിക്ക് ടൗൺ സ്ക്വയറിൽ സംവിധായകരുമായുള്ള മുഖാമുഖവും കറുപ്പ് സിനിമയുടെ പ്രദർശനവും നടക്കും.നാളെ വൈകിട്ടോടെ സമാപിക്കും.