കാസർകോട്: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടു രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന കേന്ദ്രസർക്കാർ എടുക്കുന്ന സമീപനത്തിനെതിരെ അവസാനശ്വാസം വരെയും പോരാടുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നീതിയുടെ അടിസ്ഥാനത്തിൽ പൗരത്വനിയമം നടപ്പിലാക്കുന്നതിന് പകരം പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ബില്ല് പാസാക്കി രാജ്യത്തെ ജനങ്ങളെ രണ്ടുതരം പൗരന്മാരും അടിമകളുമാക്കി മാറ്റുകയാണ് കേന്ദ്ര സർക്കാർ. 154 അംഗങ്ങൾ ഹാജരാകാതിരുന്ന സമയത്താണ് സർക്കാർ ബില്ല് പാസാക്കിയെടുത്തത്. നിയമം രാജ്യത്തെ മുസ്‌ലിങ്ങൾക്ക് എതിരല്ലെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ഹിന്ദുക്കൾ ഉൾപ്പെടെയുള്ള മറ്റു മതവിഭാഗങ്ങളുടെയെല്ലാം പേരു പറഞ്ഞ സർക്കാർ ബില്ലിൽ മുസ്ളീം ജനവിഭാഗത്തിന്റെ പേര് മാത്രം ഒഴിവാക്കിയത് എന്തിനാണെന്ന് ബി.ജെ.പി വ്യക്തമാക്കണം. 100 വർഷത്തിന് ശേഷം ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുമെന്ന ആർ.എസ്.എസ് മുദ്രാവാക്യം ഈ സർക്കാരിന്റെ കാലാവധിക്ക് മുമ്പ് പ്രവർത്തികമാക്കാനാണ് നരേന്ദ്രമോദിയും അമിത് ഷായും ശ്രമിക്കുന്നത്.

മതനിരപേക്ഷത നിലനിൽക്കുന്ന രാജ്യത്തിന്റെ ഭരണഘടന ദിവ്യപുസ്തകമാണ്. ഭരണഘടനയ്ക്ക് വിരുദ്ധമായി നീങ്ങുകയാണ് കേന്ദ്രം. അത് തടയാൻ സുപ്രീംകോടതി ഇടപെടണം. രാജ്യത്ത് നടക്കുന്ന ശക്തമായ ജനകീയ പ്രക്ഷോഭം കോടതി കാണുമെന്ന് കരുതുന്നു. സുപ്രീംകോടതിയിൽ നിന്ന് നീതി കിട്ടുമെന്ന് കരുതി പ്രക്ഷോഭം നിർത്തി വീട്ടിലിരിക്കാൻ തയ്യാറല്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.

കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണൻ, ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിൽ, അഡ്വ. എ. ഗോവിന്ദൻ നായർ, വിനോദ്‌കുമാർ പള്ളയിൽ വീട് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.