കണ്ണൂർ: കേരളത്തിൽ നടക്കുന്ന തെറ്റായ പ്രചാരണങ്ങൾ ആളുകളെ ഭീതിയിൽ നിറുത്താനുള്ള അജൻഡയുടെ ഭാഗമാണെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ പറഞ്ഞു. കണ്ണൂർ നവനീതം ആഡിറ്റോറിയത്തിൽ ഭാരതീയ വിചാരകേന്ദ്രം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
15ന് അമിത് ഷായെത്തുമ്പോൾ യൂത്ത് ലീഗ് ബ്ലാക്ക് വാൾ ഉണ്ടാക്കുമെന്ന് പറഞ്ഞതും പിന്നീട് അതിൽ നിന്ന് പിന്മാറിയതും ആസൂത്രിതമാണ്. ഷായുടെ യാത്ര ആരും ആരോടും പറയാത്തതാണ്. അത് വിശ്വസിച്ചാണ് മാദ്ധ്യമ പ്രവർത്തകരും മുന്നോട്ട് പോയത്. തീരുമാനിക്കാത്ത പരിപാടിക്കിടെ പ്രതിഷേധമെന്ന പേരിൽ ജനങ്ങളെ ഒരു പാർട്ടി പറ്റിക്കുകയായിരുന്നു. പൗരത്വ നിയമത്തിന്റെ പേരിലും നടക്കുന്നത് ഇതേ രീതിയിലുള്ള പ്രചാരണമാണ്.
മഹാത്മാഗാന്ധി മുതൽ പ്രകാശ് കാരാട്ട് വരെയുള്ളവർ ആവശ്യപ്പെട്ടതാണ് പൗരത്വ നിയമം. 1964 ൽ സി.പി.എം നേതവ് ഭൂപേഷ് ഗുപ്ത പാകിസ്ഥാനിൽ ന്യൂനപക്ഷ വിഭാഗം പീഡനം അനുഭവിക്കുകയാണെന്നും അവർക്ക് ഇന്ത്യയിൽ അഭയം നൽകണമെന്നും ലോക്‌സഭയിൽ ആവശ്യമുന്നയിച്ചതിന് അന്നത്തെ കോൺഗ്രസ് ആഭ്യന്തര മന്ത്രി ഗുൽസരിലാൽനന്ദ അനുഭാവ പൂർണമായി മറുപടി പറഞ്ഞത് ചരിത്ര രേഖയാണ്. ഇതുതന്നെയാണ് മൻമോഹൻ സിംഗിന് അദ്വാനി നൽകിയ മറുപടിയും. അതാണ് കേന്ദ്രം ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്. എൻ.ആർ.സി നടപ്പാക്കിയത് 1985ൽ രാജീവ് ഗാന്ധിയാണ്. എൻ.പി.ആർ പ്രഖ്യാപിച്ചത് സോണിയയും മൻമോഹനും ചിദംബരവുമാണ്. വികസനോന്മുഖമായ കേരളത്തെ സൃഷ്ടിക്കാനുള്ള വഴിയാണ് കാണേണ്ടത്. ആ വഴി കണ്ടെത്തി മുന്നോട്ട് നയിക്കുകയെന്ന ചരിത്രപരമായ ദൗത്യമാണ് ഭാരതീയ വിചാര കേന്ദ്രത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രസിഡന്റ് ഡോ. എം.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ പി. പരമേശ്വരൻ വിളക്ക് തെളിച്ചു. ഡോ. രാകേശ് സിൻഹ മുഖ്യഭാഷണം നടത്തി.