ചെറുവത്തൂർ: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പതിക്കാൽ പുഴ ശുചീകരണം "ഇനി ഞാൻ ഒഴുകട്ടെ " രണ്ടാം ഘട്ടത്തിന് ഇന്നലെ തുടക്കമായി.
ചെറുവത്തൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ, മാലിന്യം നിറഞ്ഞ്, ഒഴുക്കു നിലച്ച പതിക്കാൽ പുഴയിലിറങ്ങി ചെളിയും മാലിന്യവും നീക്കി ശുചീകരിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ അടക്കമുള്ളവർ സന്നദ്ധമായതോടെ പ്രദേശവാസികൾക്ക് ആവേശമായി. രാവിലെ 8 മണിയോടെ ആരംഭിച്ച ശുചീകരണ പരിപാടിയിൽ നാട്ടിലെ സാംസ്കാരിക സംഘടനകളും മുന്നിട്ടിറങ്ങി.
മാലിന്യം നിറഞ്ഞ് നശിച്ചുകൊണ്ടിരിക്കുന്ന പുഴയെ സംരക്ഷിക്കണമെന്ന ആവശ്യം ഉയർന്നതോടെയാണ് കഴിഞ്ഞവർഷത്തിൽ ഒന്നാംഘട്ട ശുചീകരണം നടത്തിയത്. ഇന്നലെ നടന്ന രണ്ടാംഘട്ട പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പി.കെ. സുധാകരൻ മുഖ്യാതിഥി ആയിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.സി. സുബൈദ, പഞ്ചായത്തംഗങ്ങളായ വി.വി. സുനിത, നഫീസത്ത് നാസർ, ഒ.വി. നാരായണി, കെ. നാരായണൻ, ഹരിത കേരള മിഷൻ കോർഡിനേറ്റർ സുബ്രഹ്മണ്യൻ, ഡോ. പ്രവീൺ കുമാർ സംസാരിച്ചു. കെ. സുഗജൻ സ്വാഗതവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി. പ്രമീള നന്ദിയും പറഞ്ഞു.
പതിക്കാൽ പുഴയ്ക്കായി ഒറ്റക്കെട്ടോടെ
റോഡും വാഹന സൗകര്യങ്ങളുമില്ലാതിരുന്ന ഒരു കാലത്ത് തീരദേശ വാസികളുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത പ്രാധാന്യമായിരുന്നു പതിക്കാൽ പുഴക്ക്. കാരി, പതിക്കാൽ, ഓർക്കുളം തുടങ്ങിയ പ്രദേശവാസികൾ ഈ പുഴയെ ആശ്രയിച്ചായിരുന്നു ജീവിച്ചിരുന്നത്.
തേജസ്വിനിയുടെ കൈവഴിയായി 6 കിലോമീറ്ററോളം വിവിധ പ്രദേശങ്ങളിലൂടെ വളഞ്ഞു പുളഞ്ഞൊഴുകുന്ന പതിക്കാൽ പുഴയിലൂടെയെത്തുന്ന ചീനയിലായിരുന്നു (വലിയ തോണി) നാട്ടുകാർക്കാവശ്യമുള്ള നിത്യോപയോഗ സാധനങ്ങൾ ഒരുകാലത്ത് എത്തിയിരുന്നത്. തോണി ഉപയോഗിച്ചായിരുന്നു നാട്ടുകാരുടെ യാത്രയും. ചില സ്ഥലങ്ങളിലൊഴികെ 10 മീറ്ററോളം വീതിയിൽ ഒഴുകിയിരുന്ന പുഴ കാലക്രമേണ ശോഷിച്ചു പോയി. അനധികൃത കൈയേറ്റം പുഴയെ നീർച്ചാലാക്കി മാറ്റി. അകാല ചരമം പ്രാപിച്ച പുഴയിൽ മാലിന്യവും നിറഞ്ഞതോടെ ഒഴുക്കു നിലച്ച് കൊതുകു വളർത്തൽ കേന്ദ്രമായി മാറുകയും പരിസ്ഥിതി പ്രശ്നത്തിന് ഇടയാക്കുകയും ചെയ്തു. ഇത് തിരിച്ചറിഞ്ഞാണ് നാട്ടുകാർ പുഴയുടെ പുനർജ്ജനിക്കായി ഇറങ്ങിയത്.