പയ്യന്നൂർ: നെൽവയൽ നികത്തി പയ്യന്നൂർ കണ്ടങ്കാളിയിൽ കേന്ദ്രീകൃത പെട്രോളിയം പദ്ധതി സ്ഥാപിക്കാനുള്ള എണ്ണക്കമ്പനികളുടെ നീക്കം ഉപേക്ഷിക്കാൻ വേണ്ട ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി .വി.മുരളീധരന് പയ്യന്നൂർ പൗരസമിതിയുടെയും കണ്ടങ്കാളി സമരസമിതിയുടെയും നേതൃത്വത്തിൽ നിവേദനം നൽകി.
പൗരസമിതി ഭാരവാഹികളായ എൻ.കെ.ഭാസ്‌കരൻ, വി.ധനഞ്ജയൻ സമരസമിതി പ്രതിനിധി എൻ.സുബ്രഹ്ണ്യൻ ബി.ജെ.പി.നേതാക്കളായ സത്യപ്രകാശ്, കെ. രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
ജനകീയ സമരസമിതി നടത്തുന്ന സമരത്തിന്റെ ഭാഗമായി മുഖ്യമന്ത്രിക്ക് പതിനായിരം കത്തുകൾ അയക്കുന്ന കാമ്പയിനും ഇന്നലെ തുടങ്ങി.മുതിർന്ന കർഷക തൊഴിലാളി കുരുടിയാടി മണിക്കമ്മ പോസ്റ്റ് ബോക്‌സിൽ കത്ത് നിക്ഷേപിച്ച് ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ പഴയ ബസ്റ്റാന്റിൽ പോലീസ് എയ്ഡ് പോസ്റ്റിന് സമീപം വൈകുന്നേരം വരെ സമര ബൂത്ത് പ്രവർത്തിച്ചു.
സമരസമിതി ചെയർമാൻ ടി.പി.പത്മനാഭൻ , കൺവീനർ അപ്പുക്കുട്ടൻ കാരയിൽ, അത്തായി ബാലൻ, മണിരാജ് വട്ടക്കൊവ്വൽ, സൈനുദ്ദീൻ കരിവെള്ളൂർ, ലാലു തെക്കെ തലക്കൽ എന്നിവർ നേതൃത്വം നൽകി.