പയ്യന്നൂർ : എതിർപ്പുകൾ ഉണ്ടാകുമ്പോൾ അതിന്റെ ന്യായീകരണങ്ങൾ നോക്കാതെ ഏറ്റവും നികൃഷ്ടമായ രീതിയിൽ അടിച്ചമർത്താനാണ് കേന്ദ്ര ഭരണം ശ്രമിക്കുന്നതെന്ന് എഴുത്തുകാരനും ദേശീയ പുരസ്‌കാര ജേതാവുമായ കെ.പി.രാമനുണ്ണി പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ദ്വിദിന ദേശ രക്ഷാ മാർച്ച് പയ്യന്നൂർ ഗാന്ധി പാർക്കിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർഗീയ ധൃവീകരണത്തിലൂടെ അധികാരം നിലനിർത്താനുള്ള ശ്രമമാണ് പൗരത്വ നിയമ ഭേദഗതിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമാക്കുന്നത്.ബ്രിട്ടീഷുകാർക്കെതി
രെയുള്ള സമരമല്ല ഇപ്പോൾ നടക്കുന്നത്. മറിച്ച് ബ്രിട്ടീഷുകാരന്റെ തത്വസംഹിതകൾ നെഞ്ചിലേറ്റി നിൽക്കുന്നവർക്കെതിരെയുള്ള സമരമാണെന്നും അദ്ദേഹം പറഞ്ഞു.
ജാഥാ ലീഡറായ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുൾ കരീംചേലേരിക്ക്
ദേശീയ പതാക കൈമാറിയാണ് കെ.പി.രാമനുണ്ണി ദേശരക്ഷാ മാർച്ച് ഉദ്ഘാടനം ചെയ്തത്. സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുൾ ഖാദർ മൗലവി അദ്ധ്യക്ഷത വഹിച്ചു.സ്വാതന്ത്ര്യ സമര സേനാനി വി.പി.അപ്പുക്കുട്ട പൊതുവാളിനെയും കെ.എൻ. കണ്ണോത്തിനെയും വീര ജവാൻ വി.പി.സുനീഷിന്റെ പിതാവ് ചന്ദ്രൻ തുടങ്ങിയവരെ ആദരിച്ചു . പി. കുഞ്ഞുമുഹമ്മദ്, അബ്ദുൾ റഹ്മാൻ കല്ലായി, ബി.പി. വമ്പൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. ഇന്ന് തലശ്ശേരിയിലാണ് സമാപനം.