കാസർകോട്: കൊട്ടൻ വെണ്ടുകുളം, സ്റ്റാഫ് നമ്പർ 289, കുക്ക് ഗ്രെഡ് (എട്ട് ) വിലാസം: ഒമാൻ സുൽത്താന്റെ കൊട്ടാരം.
ചെമ്മനാട് കൈന്താറിൽ തൊടുകുളത്ത് അമ്പു പാട്ടി ദമ്പതികളുടെ മകനായ വി. കൊട്ടന്റെ1976 മുതൽ 2003 സെപ്തംബർ വരെയുള്ള ഒമാനിലെ ജീവിത രേഖയാണ് മുകളിൽ. ഇപ്പോൾ ദേളിയിൽ താമസിച്ച് സെക്യൂരിറ്റി ജോലി ചെയ്യുന്ന കൊട്ടൻ, 30 വർഷം ഒമാൻ സുൽത്താൻ ഖാബൂസിന്റെ വിശ്വസ്തനായ പാചകക്കാരനും കാവൽക്കാരനുമായിരുന്നു. കൊട്ടാരത്തിൽ അന്തേവാസിയായി മൂന്ന് പതിറ്റാണ്ട് ഭക്ഷണം വിളമ്പിയ കൊട്ടൻ സുൽത്താന്റെ മരണത്തിൽ ഏറെ സങ്കടപ്പെടുകയാണ്.
'ഞങ്ങളോട് വളരെ സ്‌നേഹമുളള മനുഷ്യനായിരുന്നു.വല്ലാതെ വേദനിക്കുന്നു, കുറെ മലയാളികൾ എന്റെ കൂടെ കൊട്ടാരത്തിലുണ്ടായിരുന്നു. ബംഗാളികളും പാകിസ്ഥാനികളുമുണ്ട്. കേരള ഭക്ഷണം അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്. പച്ചക്കറികൾ ചേർത്ത ഭക്ഷണം നന്നായി കഴിക്കും. വെണ്ടയ്ക്ക ഏറെ പ്രിയമാണ്. വെണ്ടയ്ക്ക ഞാൻ നന്നായി അരിഞ്ഞു പാചകം ചെയ്തു കൊടുക്കും..' കൊട്ടൻ അനുസ്മരിക്കുന്നു.
സുൽത്താന്റെ ഒഴിവുകാല യാത്രയിൽ മരുഭൂമിയിലേക്ക് കൊട്ടനെയും കൊണ്ടുപോകും. മിലിട്ടറിക്കാരുടെ ഒപ്പം വിശ്വസ്തനായ കാവൽക്കാരനായി കൊട്ടനും ടെന്റ് അടിച്ചു താമസിക്കും.
അറബി ഭക്ഷണമായ കാമ്പോളി, നീർഷ, അലീസ എന്നിവയുടെ പാചക മികവിന് സുൽത്താന്റെ പ്രശസ്തി പത്രവും കൊട്ടൻ സ്വന്തമാക്കിയിരുന്നു. സുൽത്താൻ ഖാബൂസിന്റെ കൈയിൽ നിന്ന് ആദരവ് ലഭിച്ചത് ഭാഗ്യമായി ഇന്നും കരുതുന്നു ഇദ്ദേഹം.