426 കുടുംബങ്ങൾക്ക് ആശ്വാസം

ചെലവഴിച്ചത് 74 ലക്ഷം

ചെറുവത്തൂർ: കുടിവെള്ളത്തിനായി നെട്ടോട്ടമോടിയിരുന്ന അച്ചാംതുരുത്തി ദ്വീപ് നിവസികൾക്ക് ഇനി ആശ്വസിക്കാം. പ്രദേശത്ത് ശുദ്ധജലം വിതരണം ചെയ്യാനായി ഒരുക്കിയ പൈപ്പുകളും 30,000 ലിറ്റർ സംഭരണ ശേഷിയുളള ജലസംഭരണിയും പ്രവർത്തനക്ഷമമായി. പദ്ധതി എം. രാജഗോപാലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

426 കുടുംബങ്ങളുള്ള അച്ചാംതുരുത്തിയിൽ 180 വീടുകളിൽ മാത്രമാണ് ഗാർഹിക കണക്ഷൻ ഉണ്ടായിരുന്നത്. 226 പുതിയ കണക്ഷൻ ഉൾപ്പെടെ അച്ചാംതുരുത്തിയിലെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തുന്ന പദ്ധതിയാണ് നാടിനു സമർപ്പിച്ചത്. നേരത്തെ കുളങ്ങാട്ട് മലയിലെ കിണറിൽ നിന്ന് നേരിട്ട് പമ്പു ചെയ്താണ് അച്ചാംതുരുത്തിയിൽ ശുദ്ധജല വിതരണം നടത്തിയിരുന്നത്. എന്നാൽ കിലോമീറ്ററുകൾ നീളത്തിൽ സ്ഥാപിച്ച പൈപ്പിൽക്കൂടിയെത്തുന്ന വെള്ളം പലയിടത്തും ചോർന്നും സമ്മർദ്ദക്കുറവും കാരണം നാട്ടുകാർക്ക് എല്ലാവർക്കും ആവശ്യത്തിനനുസരിച്ച് ലഭ്യമല്ലാതായി. തുടർന്ന് തോണിയിൽ കുടവുമായി തൈക്കടപ്പുറത്തെത്തിയും മറ്റിടങ്ങളിൽ നിന്ന് തലച്ചുമടായുമാണ് കുടിവെള്ളമെത്തിച്ചിരുന്നത്.

എം. രാജഗോപാലൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 32 ലക്ഷവും ജലവിഭവ വകുപ്പിന്റെ 42 ലക്ഷവും ഉൾപ്പെടെ 74 ലക്ഷം രൂപ ചെലവഴിച്ചാണ് സമഗ്രകുടിവെള്ള പദ്ധതി പൂർത്തിയാക്കിയത്.

പുതിയ കണക്ഷൻ ബ്ലോക്കിന്റെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജാനകി നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.സി. സുബൈദ, ബ്ലോക്ക് പഞ്ചായത്തംഗം വി.വി. സുനിത, ഗ്രാമപ്പഞ്ചായത്തംഗം കെ.പി. ശ്രീജ, ടി.എ. ഗോവിന്ദൻ നമ്പൂതിരി, യു. സേതുനഥ് തുടങ്ങിയവർ സംസാരിച്ചു.