പയ്യന്നൂർ: ദേശീയപ്രസ്ഥാനത്തിന്റെ ഊർജ്ജം തുടിക്കുന്ന പയ്യന്നൂരിൽ മഹാത്മാജിയുടെ സന്ദർശനത്തിന് 86 വയസ്. വാർഷികാഘോഷവും ചരിത്രരേഖ സെമിനാറും പ്രദർശനവും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
1934 ജനുവരി 12നാണ് അയിത്തോച്ഛാടന പ്രസ്ഥാനത്തിന്റെ ഭാഗമായാണ് മഹാത്മാഗാന്ധി പയ്യന്നൂരിൽ എത്തിയത്. പയ്യന്നൂരിലെ രാഷ്ട്രീയ സാമൂഹ്യ നവോത്ഥാനത്തിന് ഊർജം പകർന്ന ചരിത്രമുഹൂർത്തത്തിന്റെ ഓർമ പുതുക്കിയാണ് ജനുവരി 12ന് തന്നെ ചരിത്ര പ്രദർശനം ഒരുക്കിയത്. സംസ്ഥാന പുരാവസ്തു പുരാരേഖ വകുപ്പുകളുടെ സഹകരണത്തോടെ കേരള ചരിത്ര പൈതൃക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിലാണ് പ്രദർശനവും സെമിനാറും സംഘടിപ്പിച്ചത്.
പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകമായി നിലനിർത്തുന്ന പയ്യന്നൂർ പഴയ പൊലീസ് സ്റ്റേഷൻ പരിസരത്ത് നടന്ന പരിപാടിയിൽ സി കൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. മ്യൂസിയത്തിലേക്കാവശ്യമായ പുരാവസ്തു ശേഖരണ പ്രവർത്തനങ്ങളുടെ സർവെ നടത്തിയ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ വിതരണം ചെയ്തു. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി വിശിഷ്ടാതിഥിയായി. പയ്യന്നൂർ നഗരസഭ അദ്ധ്യക്ഷൻ അഡ്വ. ശശി വട്ടക്കൊവ്വൽ, മ്യൂസിയം വകുപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ആർ ചന്ദ്രൻപിള്ള, പുരാവസ്തു വകുപ്പ് റിസർച്ച് അസിസ്റ്റന്റ് കെ പി സധു തുടങ്ങിയവരും പരിപാടിയിൽ സംബന്ധിച്ചു.
ബൈറ്റ്
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവുമായും ഇന്ത്യൻ ദേശീയ പ്രസ്ഥാനവുമായും മഹാത്മാ ഗാന്ധിയുമായും അഭേദ്യ ബന്ധമുണ്ട് പയ്യന്നൂരിന്. അത്രയും ആത്മബന്ധമുള്ള ഭൂമി കേരളത്തിൽ വേറെയില്ല. ഓർക്കാനും ഓർമിക്കാനുമുള്ള ചരിത്രമുഹൂർത്തങ്ങൾ ഇവിടെയുണ്ടെന്ന് ഉദ്ഘാടനപ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
ഐതിഹാസിക സമര പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച പയ്യന്നൂരിന്റെ സമരവീര്യം മറ്റാർക്കും അവകാശപ്പെടാൻ കഴിയില്ലെന്നും ചരിത്രം പഠിക്കാൻ കൂടുതൽ സമയം കണ്ടെത്തണം- മന്ത്റി കടന്നപ്പള്ളി രാമചന്ദ്രൻ
മഹാത്മാഗാന്ധിയുടെ പയ്യന്നൂർ സന്ദർശനത്തിന്റെ 86ാം വാർഷികാഘോഷവും ചരിത്രരേഖ സെമിനാറും പ്രദർശനവും തുറമുഖ കുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
'ഫ്രഞ്ച് ഇന്ത്യയില്ല,ബ്രിട്ടീഷ് ഇന്ത്യയില്ല ,ഒറ്റ ഇന്ത്യ"
ചാലക്കര പുരുഷു
മാഹി: ഫ്രഞ്ച് വാഴ്ചക്കാലത്ത്, വിമോചനത്തിന്റെ നേർത്ത ശബ്ദം പോലും ഉയരാതിരുന്ന 1934 ജനുവരി 13നായിരുന്നു മഹാത്മാഗാന്ധി മയ്യഴിയിലെ പ്രസിദ്ധമായ ആദിതീയ്യ ക്ഷേത്രമായ പുത്തലത്തെത്തിയത്.
ഹരിജനോദ്ധാരണത്തിന്റെ ഭാഗമായി നടത്തിയ ഐതിഹാസികമായ ഭാരത പര്യടനത്തിനിടയിലാണ് മഹാത്മജിയുടെ പാദസ്പർശമേറ്റ് മയ്യഴി ധന്യമായത്. തലേ ദിവസം തീവണ്ടി മാർഗ്ഗം മഹാത്മാ ഗാന്ധി കണ്ണൂരിലേക്ക് പോകുന്നുണ്ടെന്നറിഞ്ഞ് സന്ധ്യക്ക് മയ്യഴി റെയിൽവേ സ്റ്റേഷനിൽ കുറെയാളുകൾ കാത്തുനിന്നു.ട്രെയിനിന്റെ കമ്പാർട്ട്‌മെന്റിൽ നിന്നും ഇരു കൈകളും പുറത്തേക്ക് നീട്ടി 'പൈസ കൊട്, പൈസ കൊട്'' എന്ന് സംഭാവന അർത്ഥിക്കുകയായിരുന്നു മഹാപുരുഷൻ.
പിറ്റെ ദിവസം കാലത്ത് 8 മണിക്ക് കാറിൽ മഹാത് മജി പുത്തലത്ത് എത്തിയത്. 'ഇന്ത്യയെ ഫ്രഞ്ച് ഇന്ത്യയെന്നും, ബ്രിട്ടീഷ് ഇന്ത്യയെന്നും പോർത്തുഗീസ് ഇന്ത്യയെന്നും വേർതിരിക്കുന്നത് ശരിയല്ല.വൈവിധ്യങ്ങളുടെ നാടാണിതെങ്കിലും നമ്മുടെയെല്ലാം സിരകളിലൂടെ ഒഴുകുന്ന രക്തം ഒന്നാണെന്ന് വിസ്മരിക്കരുത്. നിങ്ങളും ബ്രിട്ടീഷ് ഇന്ത്യയിലെ ജനങ്ങളും തമ്മിലുള്ള വ്യത്യാസം പൊലീസിന്റെ തൊപ്പിയിലെ നിറത്തിലും വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന ഭാഷകളിലെ മാറ്റത്തിലും മാത്രമാണ്. തുടർന്ന് മയ്യഴി ജനതക്ക് വേണ്ടി 301 രൂപയുടെ പണക്കിഴിയും, മംഗളപത്രവും ഫ്രഞ്ച് മേയർ എൻ.സഹദേവൻ വക്കീൽ മഹാത്മജിയെ ഏൽപ്പിച്ചു.
ഭാരതത്തിലെ പത്ത് പേരിൽ ഏഴ് പേരും ആഹാരം പോലും കഴിക്കാനാവാതെ വിശന്നുവലയുമ്പോൾ, ആഭരണങ്ങൾ ധരിച്ച്, ആർഭാടം കാണിക്കുന്നത് കുറ്റകരമാണെന്ന മഹാത്മാവിന്റെ വാക്ക് കേട്ട മാത്രയിൽ മിസ്സിസ് എം.കെ.മേനോൻ ,സി.കെ.രേവതിയമ്മ തുടങ്ങിയവർ തങ്ങളുടെ സ്വർണ്ണാഭരണങ്ങളഴിച്ച് ഗാന്ധിജിക്ക് കാഴ്ചവെച്ചു. തനിക്ക് ലഭിച്ച മാലകളും, മംഗളപത്രവുമെല്ലാം അദ്ദേഹം അവിടെ വച്ചു തന്നെ ഗാന്ധിജി ലേലം ചെയ്തു.
ഉയരമുള്ള പഴയ മരക്കോണിയും കയറി ഗാന്ധിജിക്ക് ക്ഷേത്രനടയിലെത്താൻ കഴിയില്ലെന്ന് മനസ്സിലാക്കിയ പ്രദേശത്തെ യുവാക്കൾ ഒറ്റ രാത്രി കൊണ്ട് കല്ലുകൊണ്ടുള്ള വലിയ കോണി കെട്ടിയുണ്ടാക്കി. ക്ഷേത്രത്തിന്റെ കോണിയിൽ ഗാന്ധിജിയുടെ സന്ദർശന വിവരങ്ങൾ കൊത്തിവെച്ചത് കാണാം.
ഗാന്ധിജിയുടെ സന്ദർശനത്തെത്തുടർന്നാണ് മയ്യഴിയിൽ സ്വാതന്ത്ര്യാവബോധത്തിന്റെ വിത്തുകൾ മുള പൊട്ടിയതെന്ന് 'മയ്യഴി ഗാന്ധി 'യെന്നറിയപ്പെടുന്ന വിമോചന സമര നേതാവ് ഐ.കെ.കുമാരൻ മാസ്റ്റർ പറയാറുണ്ടായിരുന്നു.
1948 ജനുവരി 30 ന് ബിർളാ മന്ദിരത്തിൽ വെച്ച് പ്രാർത്ഥനാ യോഗത്തിനിടെ ഗാന്ധിജി വധിക്കപ്പെട്ടപ്പോൾ തൊട്ടടുത്ത പാർലിമെന്റ് ഹൗസിനോട് ചേർന്ന് കിടക്കുന്ന സ്റ്റുഡാർഡ് ബ്ലോക്ക് സിൽ മാഹി സ്വദേശിയായ പി.പത്മനാഭൻ നമ്പ്യാരുമുണ്ടായിരുന്നു. വൈകീട്ട് 5.15 നാണ് ജനങ്ങൾ തലയിൽ കൈ വെച്ച്, നിലവിളിച്ച് കൊണ്ട് താഴെ റോഡിലൂടെ ഓടുന്നത് കണ്ടത്.'ഗാന്ധിജി കോ മാർ ദിയാ,ബാപ്പുജി കോ മാർ ദിയാ '... എന്ന ആർത്തനാദം കേട്ട് അവർക്കൊപ്പം ഓടിയ സൈനിക വേഷത്തിലുള്ള പത്മനാഭൻ നമ്പ്യാർ ബിർളാ ഹൗസിലെത്തിയപ്പോൾ, അന്നത്തെ ഗവർണ്ണർ ജനറലായിരുന്ന ലോഡ് ലൂയിസ് മൗണ്ട് ബാറ്റൺ അദ്ദേഹത്തിന്റെ ഏക അംഗരക്ഷകനൊത്ത് ഗേറ്റിന് പുറത്ത് നിൽക്കുന്നത് കണ്ടുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അകത്ത് കയറിയപ്പോഴേക്കും മൃതദേഹം രാംമനോഹർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഒടുവിൽ വെടിയേറ്റ് വീണ ഇടത്ത് നിന്ന് പുൽക്കൊടിയും, രക്തം പുരണ്ട മണ്ണും കടലാസിൽ ശേഖരിച്ച് തൂവാലയിൽ പൊതിഞ്ഞുവെച്ചു. പിന്നീട് ഇന്തോചൈനയിൽ നിന്ന് കൊണ്ടുവന്ന വില പിടിച്ച മനോഹരമായ ആഭരണപെട്ടിയിലാക്കി മാഹിയിലെ ചെമ്പ്രയിലുള്ള വീട്ടിൽ നമ്പ്യാർ നിധി പേടകം പോലെ സൂക്ഷിച്ചു വെച്ചു.
കഴിഞ്ഞ വർഷം ഇതേ ദിവസം പുത്തലത്ത് ഗാന്ധി അനുസ്മരണയോഗത്തിൽ ഇന്നത്തെ ഇന്ത്യയുടെ അവസ്ഥയെക്കുറിച്ച് രോഷാകുലനായി സംസാരിക്കുന്നതിനിടെയാണ് ഗാന്ധിജി സംസാരിച്ച അതെ ഇടത്ത് വച്ച് പ്രമുഖ ഗാന്ധിയൻ കെ.പി.എ റഹിം കുഴഞ്ഞുവീണുമരിച്ചത്.
ചിത്രവിവരണം: ഗാന്ധിജി സന്ദർശിച്ച മാഹി പുത്തലം ക്ഷേത്രം (ഗാന്ധിജിയുടെ സന്ദർശന വിവരം ആലേഖനം ചെയ്ത ശിലാഫലകം