നീലേശ്വരം: കേന്ദ്ര സർക്കാറിന് ന്യൂനപക്ഷങ്ങളോട് വിവേചനമില്ലെന്നും അവരെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും കേന്ദ്ര മന്ത്രി വി. മുരളീധരൻ പറഞ്ഞു. ബി.ജെ.പി.തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി നീലേശ്വരത്ത് സംഘടിപ്പിച്ച ജനജാഗ്രത സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്തി.
ഈ രാജ്യത്ത് ജനിച്ചവർക്ക് ഒരു ആശങ്കയും വേണ്ട. മറ്റു രാജ്യങ്ങളിൽ നിന്ന് വന്നവർക്കെ ബാധകമാവുകയുള്ളു. രാജ്യത്തുള്ള എല്ലാവരും തുല്യാവകാശമുള്ളവരാണ്. മുത്തലാഖ്, 370 വകുപ്പ് കൊണ്ടുവന്നപ്പോൾ പ്രതിപക്ഷത്തിന് എതിർക്കാൻ പറ്റിയില്ല. പ്രതിപക്ഷ പാർട്ടികൾ കള്ള പ്രചരണം നടത്തുകയാണ്. കോൺഗ്രസിന്റെ മതേതരത്വം എവിടെ എത്തി എന്ന് പരിശോധിക്കണം. പൗരത്വമല്ല മുസ്ലിം സമുദായത്തിന്റെ വോട്ടാണ് എൽ.ഡി.എഫ്, യു.ഡി.എഫ് കക്ഷികളുടെ ലക്ഷ്യം. യു.പി.എ.സർക്കാർ വർഷങ്ങളായി കേന്ദ്രം ഭരിച്ചിട്ടും മുസ്ലിം സമുദായം വിവിധ സംസ്ഥാനങ്ങളിൽ പിന്നോക്കാവസ്ഥയിൽ കഴിയുകയാണ്. ഇവിടെ ജനിച്ച മുസ്ലിങ്ങൾ പേടിക്കേണ്ട. പാക്കിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും അനുകൂല്യം നിഷേധിക്കപ്പെട്ടവർക്ക് ഇന്ത്യ അഭയം നൽകിയിട്ടുണ്ട്. ഇവിടെ സൗഹാർദ്ദ അന്തരീക്ഷം തകർക്കാൻ ചിലർ ശ്രമിക്കുകയാണ്. ഇവിടെത്തെ രണ്ടു മുന്നണിയിലും മുസ്ലിം സമുദായം ചേരണമോ എന്ന് ചിന്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.ചടങ്ങിൽ ബി.ജെ.പി.ജില്ല പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ. വേലായുധൻ, വി.വി. രാജീവൻ, സജീവൻ ആറളം, പ്രമീള സി. നായക്, സുരേഷ് കുമാർ ഷെട്ടി, രവീശ തന്ത്രി കുണ്ടാർ, സി.വി. സുരേശൻ, എം. ശോഭന എന്നിവർ സംസാരിച്ചു.