കണ്ണൂർ: സംസ്ഥാനത്തെ മുഴുവൻ റോഡുകളും ഡിസംബറോടെ മികച്ചതാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ അഞ്ചരക്കണ്ടി തട്ടാരി പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തിൽ തകർന്ന ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് തദ്ദേശ സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കൂടുതൽ തുക അനുവദിക്കും.
സ്‌തുത്യർഹമായ പ്രവർത്തനങ്ങളാണ് പൊതുമരാമത്ത് വകുപ്പ് നടത്തുന്നത്. നിർമ്മിക്കുന്ന പാലങ്ങൾക്ക് ഈടും ബലമുവുമുണ്ടായിരിക്കണമെന്ന് സർക്കാരിന് നിർബന്ധമുണ്ട്. നേരത്തേയുണ്ടായ ചില ദുരനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തിൽ വകുപ്പ് കർക്കശ നിലപാടെടുക്കുന്നത്. തലപ്പാടി മുതൽ മുഴപ്പിലങ്ങാട് വരെയുള്ള ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബിയിൽ നിന്ന് തുക കണ്ടെത്തി ദേശീയപാതാ അതോറിട്ടിക്ക് കൈമാറിയിട്ടുണ്ട്. ടെൻഡർ നടപടികളായതോടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.