പാപ്പിനിശേരി: കണ്ണൂരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ വെള്ളിക്കീൽ ഇക്കോ പാർക്കിൽ നവീകരണ പ്രവർത്തനങ്ങളുടെ പേരിൽ വൻ അഴിമതി നടക്കുന്നതായി ആരോപണമുയരുന്നു.2014 ൽ അന്നത്തെ ടൂറിസം വകുപ്പ് മന്ത്രിയായ എ.പി അനിൽ കുമാർ ഉദ്ഘാടനം ചെയ്ത പാർക്കിൽ ജില്ലാ ടൂറിസം വകുപ്പ് രണ്ട് കോടി രൂപ മുതൽ മുടക്കിൽ രണ്ട് വർഷം മുൻപ് ആരംഭിച്ച നവീകരണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയാണ്.

രാത്രികാലങ്ങളിൽ വെളിച്ചക്കുറവ് ഉള്ളതിനാൽ സമൂഹ വിരുദ്ധരുടെ ശല്യവും മാലിന്യ നിക്ഷേപവും തുടരുകയാണ്. വെള്ളിക്കീൽ ഇക്കോ ടൂറിസം പാർക്കിൽ മഴയും വേയിലുമേറ്റ് നശിച്ച കളിയുപകരണങ്ങൾ സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ട്. നവീകരണ പ്രവൃത്തി കഴിഞ്ഞ് വേനലവധിക്ക് മുമ്പ് ജനങ്ങൾക്ക് സമർപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും പണി എവിടെയുമെത്തിയില്ല.

ഉല്ലാസബോട്ട് യാത്ര മുടങ്ങിയിട്ട് വർഷമൊന്നു കഴിഞ്ഞു. പാർക്കിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ പാർക്കിൽതന്നെ കത്തിക്കുന്നു. പകുതി കത്തിയ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് ചാക്കുകളിൽ മാലിന്യങ്ങളും കൂട്ടിയിട്ടിരിക്കുന്നു. വെളിച്ചക്കുറവും ഇരിപ്പിടങ്ങൾ ഇല്ലാത്തതും ജനങ്ങളെ പാർക്കിൽനിന്ന് പൂർണമായി അകറ്റി.പ്രതിദിനം നൂറിലധികം സഞ്ചാരികളാണിവിടെ പ്രകൃതി ഭംഗി ആസ്വദിക്കാനായെത്തിയിരുന്നത്.
പാർക്ക് നവീകരണത്തിന്റെ ഭാഗമായി സീറ്റിംഗ് പ്ലാസയുടെ നിർമ്മാണത്തിലെ അശാസ്ത്രീയത കാരണം ഇപ്പോൾ തന്നെ തകർന്ന് വീഴാറായ അവസ്ഥയിലാണ്. കണ്ടൽച്ചെടികൾക്കാവശ്യമായ സംരക്ഷണമൊരുക്കുന്നതിലും ടൂറിസം വകുപ്പ് സമ്പൂർണ പരാജയമാണ്.