കാഞ്ഞങ്ങാട്: ചെമ്മട്ടംവയലിൽ പണി പൂർത്തിയായ ഗുരുവായൂർ സത്യാഗ്രഹ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നാടിന്റെ ആഘോഷമാക്കി മാറ്റാൻ മന്ദിര പരിസരത്ത് ചേർന്ന തദ്ദേശീയരുടെ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി ഇ. ചന്ദ്രശേഖരൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി തുടങ്ങിയ പ്രമുഖർ സംബന്ധിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. സി.കെ. ശ്രീധരൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
കേരളത്തിലെ സാംസ്‌കാരിക നവോത്ഥാനങ്ങൾക്ക് നാന്ദി കുറിച്ച ഗുരുവായൂർ സത്യാഗ്രഹ സമര സേനാനികൾക്കുള്ള ഏക സ്മാരകമാണ് ചെമ്മട്ടംവയലിൽ ദേശീയപാതയോരത്തെ ഗുരുവായൂർ സത്യാഗ്രഹ സ്മാരക മന്ദിരം. സമരത്തിൽ പങ്കെടുത്തവരിൽ പ്രമുഖനായ കെ. മാധവന്റെ ഓർമ്മകൾ തുടിക്കുന്ന കെ. മാധവൻ ഫൗണ്ടേഷൻ ആസ്ഥാന മന്ദിരം കൂടിയാണിത്.
ഉദ്ഘാടനം ചരിത്രസംഭവമാക്കാനുള്ള വിപുലമായ പരിപാടികൾക്കാണ് പ്രാദേശിക സംഘാടക സമിതി യോഗം രൂപം നൽകി. പ്രാദേശിക സംഘാടക സമിതി ചെയർമാനായി നഗരസഭ കൗൺസിലർ എം. ബാലകൃഷ്ണനെ തിരഞ്ഞെടുത്തു. മുഖ്യമന്ത്രിക്കും മറ്റ് നേതാക്കൾക്കും പ്രൗഢോജ്ജ്വല വരവേൽപ്പ് ഉൾപ്പെടെ വിവിധ പരിപാടികൾ യോഗം ആവിഷ്‌കരിച്ചു. ഈ മാസം 28ന് വൈകിട്ട് 3 മണിക്കാണ് ഉദ്ഘാടന സമ്മേളനം.