കാഞ്ഞങ്ങാട്: നഗരസഭാ കൗൺസിൽ പ്രത്യേക യോഗം ചേർന്ന് പൗരത്വനിയമത്തിനെതിരായ പ്രമേയം പാസാക്കി. പ്രമേയാവതരണം തടയാനുള്ള ബി.ജെ.പി കൗൺസിലർമാരുടെ ശ്രമം യോഗം അലങ്കോലമാക്കി. ബഹളത്തിനിടെ ഭരണ-പ്രതിപക്ഷാംഗങ്ങളുടെ പിന്തുണയോടെ പ്രമേയം പാസാക്കുകയായിരുന്നു.
ബഹളം വച്ച ബി.ജെ.പി അംഗങ്ങൾ പ്രമേയം കീറിയെറിഞ്ഞു. ക്രമരഹിതമായി പെരുമാറുകയും കൗൺസിൽ യോഗം അലങ്കോലപ്പെടുത്തുകയും ചെയ്തതിന് ബി.ജെ.പിയുടെ ആറു കൗൺസിലർമാരെ ആറു ദിവസത്തേക്ക് കൗൺസിലിൽനിന്ന് ചെയർമാൻ വി.വി രമേശൻ സസ്‌പെൻഡ് ചെയ്തു. എച്ച്.ആർ ശ്രീധരൻ, എച്ച്.ആർ സുകന്യ, എം. ബൽരാജ്, സി.കെ വത്സലൻ, ടി.വി അജയകുമാർ നെല്ലിക്കാട്ട്, വിജയമുകുന്ദ് എന്നീ കൗൺസിലർമാരെയാണ് സസ്‌പെൻഡ് ചെയ്തത്.

തിങ്കളാഴ്ച പകൽ 3.30നാണ് അടിയന്തര കൗൺസിൽ വിളിച്ചു ചേർത്തത്. ശനിയാഴ്ചയാണ് അറിയിപ്പ് നൽകിയതെന്നും അന്ന് രണ്ടാം ശനിയാഴ്ച അവധി ദിവസമായതിനാൽ അറിയിപ്പ് നൽകാൻ പാടില്ലെന്നുമായിരുന്നു ബി.ജെ.പി അംഗങ്ങളുടെആദ്യവാദം. യോഗം വിളിച്ചത് പ്രവൃത്തിദിവസമാണെന്നും 24 മണിക്കൂറിനുമുമ്പ് അടിയന്തര യോഗത്തിന്റെ അറിയിപ്പ് നൽകിയിട്ടുണ്ടെന്നും ചെയർമാൻ റൂളിംഗ് നൽകിയതോടെ പ്രമേയം അവതരിപ്പിക്കുന്നതിന് എതിരെയായി ബഹളം. ചർച്ചയിൽ പങ്കെടുത്ത് നിങ്ങൾക്ക് പറയാനുള്ളത് പറയാമെന്ന ചെയർമാന്റെ നിർദേശം ചെവിക്കൊള്ളാതെ ബഹളം തുടർന്നു. കൗൺസിൽ നടത്താൻ സഹകരിക്കണമെന്നും ചെയറിന്റെ അഭ്യർഥന മാനിക്കാതെ ബഹളം തുടരുകയാണെങ്കിൽ പുറത്തു പോകണമെന്നും ചെയർമാൻ അഭ്യർഥിച്ചു. ഇത് കേൾക്കാതെ പ്രമേയം കീറിയെറിഞ്ഞും ചെയർമാന്റെ ഡയസിൽ ഇടിച്ചും ബഹളം തുടർന്നു. ഇതിനിടയിൽ പൗരത്വനിയമത്തിനെതിരെ സ്ഥിരം സമിതി അധ്യക്ഷൻ മഹമ്മൂദ് മുറിയനാവി അവതരിപ്പിച്ചതും സ്ഥിരം സമിതി അധ്യക്ഷൻ എൻ. ഉണ്ണിക്കൃഷ്ണൻ പിന്താങ്ങിയതുമായ പ്രമേയം ബി.ജെ.പിക്കാരുടെ എതിർപ്പിനിടെ കൗൺസിൽ പാസാക്കി.

ഉദ്യോഗസ്ഥരെയും അംഗങ്ങളെയും കൈയേറ്റം ചെയ്തതിന് എന്തു നടപടി കൈക്കൊള്ളാൻ കഴിയുമെന്ന് ബന്ധപ്പെട്ടവരുമായി ആലോചിച്ച് തീരുമാനിക്കും

ചെയർമാൻ വി.വി രമേശൻ

പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രമേയം പാസാക്കാൻ ചേ‌ർന്ന കാഞ്ഞങ്ങാട് നഗരസഭാ യോഗത്തിനിടെ ചെയർമാന്റെ ഡയസിനുമുന്നിൽ പ്രതിഷേധിക്കുന്ന ബി.ജെ.പി അംഗങ്ങൾ