പിണറായി: അക്ഷരദീപം തെളിച്ച് വിദ്യാഭ്യാസനിലവാരമുയർത്താൻ ഒരു ഗ്രാമം മുഴുവൻ ഉറക്കമൊഴിച്ച് കാത്തിരിക്കുന്നു. പിണറായി എ കെ ജി സ്മാരക ഹയർ സെക്കൻഡറി സ്‌കൂളിൽ ജനകീയ പഠനോത്സവത്തിന്റെ ഭാഗമായുള്ള രാത്രികാല പഠനകേന്ദ്രങ്ങളുടെ ഉദ്ഘാടനം നാടിന്റെ ഉത്സവമായി മാറി. പഞ്ചായത്തിലെ വാർഡ് കേന്ദ്രങ്ങളിലെ പഠനകേന്ദ്രങ്ങളിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും വിദ്യാഭ്യാസപ്രവർത്തകരും നാട്ടുകാരും ചേർന്ന് അക്ഷരദീപം തെളിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്.
പഠനകേന്ദ്രങ്ങളിൽ വൈകിട്ട് ഏഴുമുതൽ ഒമ്പതുവരെ ഒരുമാസക്കാലം നടക്കുന്ന ക്ലാസിലേക്കായി പ്രത്യേക പഠനപദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതനുസരിച്ച് മുഴുവൻ വാർഡുകളിലും ഏകീകരിച്ച പഠനക്രമമാണ് നടപ്പാക്കുന്നത്. പഠനകേന്ദ്രങ്ങളിൽ സ്ഥാപിക്കുന്ന സംശയപെട്ടികളിൽ കുട്ടികൾക്കുള്ള സംശയങ്ങൾ എഴുതിയിടാം. അദ്ധ്യാപകർ സംശയനിവൃത്തി വരുത്തും. പഠനകേന്ദ്രങ്ങളിൽ ദിവസവും കുട്ടികൾക്കുള്ള ലഘുഭക്ഷണം സാംസ്‌കാരികസ്ഥാപനങ്ങളും വ്യക്തികളും സ്‌പോൺസർചെയ്യും. വാർഡുതല വിദ്യാഭ്യാസ സമിതി ഭാരവാഹികളുടെ യോഗം വിളിച്ച് പ്രവർത്തനങ്ങൾ വിലയിരുത്താൻ പി.ടി.എയും ശ്രദ്ധിക്കുന്നുണ്ട്.
പഠനോത്സവ പ്രവർത്തനങ്ങൾക്ക് പി.ടി.എ പ്രസിഡന്റ് അഡ്വ. വി പ്രദീപൻ, വൈസ് പ്രസിഡന്റ് എം പ്രദീപൻ, മദർ പി.ടി.എ പ്രസിഡന്റ് ജസ്‌ന ലതീഷ്, പ്രിൻസിപ്പൽ ആർ. ഉഷാനന്ദിനി, ഹെഡ്മാസ്റ്റർ പി .വി .വിനോദ് കുമാർ, പി.ടി.എ, മദർ പി.ടി.എ അംഗങ്ങൾ, പഞ്ചായത്ത് ജനപ്രതിനിധികൾ, വാർഡ് സമിതി ഭാരവാഹികൾ, അക്കാഡമിക് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.