കണ്ണൂർ: കൗൺസിലർമാർ അറിയാതെയാണ് മിക്ക വാർഡുകളിലും പല പദ്ധതികളുടെയും ഉദ്ഘാടനം നടക്കുന്നതെന്ന് കോർപ്പറേഷൻ യോഗത്തിൽ പ്രതിപക്ഷ കൗൺസിലർമാരുടെ ആരോപണം.
തെക്കീ ബസാറിലെ കംഫർട്ട് സ്റ്റേഷൻ അടക്കമുള്ളവയുടെ ഉദ്ഘാടനം താൻ അറിയാതെയാണ് നടന്നതെന്ന ആരോപണവുമായി തെക്കീ ബസാർ കൗൺസിലർ ഇ.ബീനയാണ് മറ്റ് പ്രതിപക്ഷ കൗൺസിലർമാരും ഏറ്റു പിടിച്ചത്.
പല പരിപാടികളിലും പ്രതിപക്ഷ കൗൺസിലർമാരുടെ പേരുകൾ നോട്ടീസിൽ ചേർക്കാറില്ലെന്നും ഒാൾ പാർട്ടി മീറ്റിംഗുകളിൽ എൽ.ഡി.എഫ് കൗൺസിലർമാരെ പങ്കെടുപ്പിക്കാറില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
എന്നാൽ യോഗങ്ങൾ കൃത്യമായി പ്രതിപക്ഷ കൗൺസിലർമാരെ അറിയിക്കാറുണ്ടെന്നും എന്നാൽ പങ്കെടുക്കാൻ തയ്യാറാകാറില്ലെന്നുമായിരുന്നു മേയർ സുമ ബാലകൃഷ്ണന്റെ മറുപടി.കഴിഞ്ഞ ഭരണ സമിതി പൂർത്തീകരിച്ച പല പദ്ധതികളുടെയും ഉദ്ഘാടനം മാത്രമാണ് ഇപ്പോഴത്തെ ഭരണസമിതി ഈ മൂന്ന് മാസം നടത്തുന്നതെന്നും എന്നാൽ ഇതിന്റെയെല്ലാം ക്രെഡിറ്റ് മുഴുവൻ തട്ടിയെടുക്കുകമാത്രമാണ് ഇപ്പോൾ ചെയ്യുന്നതെന്നും ഇ.പി ലത പറഞ്ഞു.രണ്ട് ദിവസം മുൻപ് പയ്യാമ്പലത്ത് നടന്ന വാതക ശ്മശാനത്തിന്റെ ഉദ്ഘാടനം ഉൾപ്പെടെ ഇത്തരത്തിൽ തന്നെയായിരുന്നെന്നും ഇ.പി.ലത പറഞ്ഞു.
കോർപ്പറേഷൻ പരിധിയിൽ അനധികൃത മത്സ്യ വിപണനം തകൃതിയായി നടക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ നടപടി സ്വീകരിക്കണമെന്നും മുരളീധരൻ തൈക്കണ്ടി പറഞ്ഞു.എന്നാൽ അനധികൃതമായി മത്സ്യം വിറ്റയാൾക്കെതിരെ അടുത്തിടെ കോർപ്പറേഷൻ സ്വീകരിച്ച നടപടി അങ്ങേയറ്റം മോശമായെന്ന് വെള്ളോറ രാജൻ പ്രതികരിച്ചു.
15,000 രൂപയുടെ മത്സ്യമാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ പിഴവ് മൂലം 200 രൂപ മുതൽ ലേലം വിളിച്ച് ഒടുവിൽ 400 രൂപയ്ക് വിറ്റതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.മതിയായ പിഴ ഇടാക്കി മത്സ്യം വിൽപ്പനക്കാരന് തന്നെ തിരിച്ച് നൽകണമായിരുന്നുവെന്നും വെള്ളോറ പറഞ്ഞു.മേയർ സുമം ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സി.സമീർ,എൻ.ബാലകൃഷ്ണൻ,അഡ്വ.ടി.ഒ.മോഹനൻ,കെ.പ്രമോദ് എന്നിവർ സംബന്ധിച്ചു.
എടക്കാട് സോണലിൽ ഉദ്യോഗസ്ഥ അലംഭാവം
എടക്കാട് സോണലിൽ എൻജിനീയറിംഗ് വിഭാഗം പദ്ധതി പ്രവർത്തനത്തെ സ്തംഭിപ്പിക്കുകയാണെന്ന് കൗൺസിലർ എം.പി.മുഹമ്മദലി ആരോപിച്ചു.നടാൽ ഗേറ്റ് നാറാണത്ത് പാലം റിസ്റ്റോറേഷൻ വർക്ക് കൗൺസിൽ അംഗീകാരം കൊടുത്തിട്ടും നാലുമാസമായി ടി.എസ് ടെൻഡറും വിളിക്കാതെ ഫയർ ഒാവർ സീയർ പൂഴ്ത്തി വെയ്ക്കുകയാണ്.സോണലിന്റെ പല പദ്ധതിയിലും ടെണ്ടർ കാര്യക്ഷമമായി നടക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചത്.
കെ.കെ.ഭാരതി കുഴഞ്ഞ് വീണു
കോർപ്പറേഷൻ യോഗത്തിനിടെ ആലിങ്കീൽ കൗൺസിലർ കെ.കെ.ഭാരതി കുഴഞ്ഞ് വീണു.കുറച്ച് നാളായി ചികിത്സയിൽ കഴിയുകയാണ് ഭാരതി.രക്തസമ്മർദ്ദം കൂടിയതാണ് കുഴഞ്ഞുവീണതിന് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. ഇന്നലെ വൈകിട്ടോടെ ഇവർ ആശുപത്രിയിൽ നിന്ന് മടങ്ങി.