കാഞ്ഞങ്ങാട്:ഭരണഘടനയെ സംരക്ഷിക്കുന്നതിന് അണിചേരണമെന്ന് ആഹ്വാനം ചെയ്തും പൗരത്വഭേദഗതി നിയമം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടും കിസ്സ സാംസ്‌കാരിക സമന്വയം പ്രതിഷേധത്തെരുവ് സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭരണഘടയുടെ തുല്യതാ സങ്കൽപ്പത്തിന് വിരുദ്ധമായ ഈ നിയമ നിർമാണത്തിനെതിരെ രാജ്യത്തെ മുഴുവൻ തെരുവുകളിലും അലയടിക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് കാഞ്ഞങ്ങാട്ടെ പ്രതിഷേധപരിപാടിയെന്ന് സംഘാടകർ വ്യക്തമാക്കി.
നാളെ നോർത്ത് കോട്ടച്ചേരിയിൽ ഡോ.ബി ആർ അംബേദ്കർ നഗറിൽ വൈകിട്ട് 3.30 മുതൽ പരിപാടി ആരംഭിക്കും. ജില്ലയിലെ പ്രധാന ചിത്രകാരന്മാരും ഗായകരും വാദ്യസംഘവും ചേർന്ന് അവതരിപ്പിക്കുന്ന കൊട്ടും വരയും പാട്ടും പ്രതിഷേധ പരിപാടിയെ വ്യത്യസ്തമാക്കും. പ്രതിഷേധസംഗമം മുൻ എം പി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. സുപ്രീം കോടതി അഭിഭാഷകയും ആക്ടിവിസ്റ്റുമായ രേഷ്മിത രാമചന്ദ്രൻ, മാധ്യമ പ്രവർത്തക ഷാഹിന നഫീസ, സന്തോഷ് ഏച്ചിക്കാനം, ജാമിയ മിലിയ വിദ്യാർത്ഥി ഹസ്സൻ ഷിഹാബ്
എന്നിവർ പ്രസംഗിക്കും.
കാസർകോടൻ കിസ്സ പുസ്തകം അംബികാസുതൻ മാങ്ങാട് പ്രകാശനം ചെയ്യും.മുഹമ്മദ് ഹാഫിലിന്റെ ഒളിച്ചുകളിയുടെ സ്‌ക്രീൻപ്ലേ പുസ്തകം പ്രൊഫ. എം എ റഹ്മാനും പ്രകാശനം ചെയ്യും. സിനിമ, നാടകം എന്നീ കലാപരിപാടികളും അരങ്ങേറും. ചടങ്ങിൽ ഭരണഘടന വായിക്കും പൗരത്വ ഭേദഗതി നിയമം കത്തിക്കും. വാർത്താസമ്മേളനത്തിൽ നഗരസഭാചെയർമാൻ വി വി രമേശൻ, കിസ്സ ചെയർമാൻ അഡ്വ. സി ഷുക്കൂർ, ജനറൽ കൺവീനർ മഹമ്മൂദ് മുറിയനാവി, അബ്ബാസ് രചന,ബിബി കെ ജോസ് എന്നിവർ പങ്കെടുത്തു.