ചെറുവത്തൂർ: ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള കുട്ടമത്ത് കയ്യൂർ ചീമേനി റോഡിന്റെ മെക്കാഡം ടാറിംഗ് പ്രവൃത്തി പൂർത്തീകരിക്കുന്നതിലെ കാലതാമസത്തിൽ പ്രതിഷേധിച്ച് സി.പി .എം ക്ലായിക്കോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു.

ചീമേനിവരെ മെക്കാഡം ടാർ ചെയ്ത് മോഡൽ റോഡ് ആയി ഉയർത്താനുള്ള പദ്ധതി ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ചിട്ട് നാളേറെയായെങ്കിലും നാപ്പച്ചാൽ വരെ പ്രവർത്തി നടത്തി ബാക്കിഭാഗം നിലച്ചിരിക്കയാണ്. പ്രവൃത്തി ആരംഭിച്ചെങ്കിലും ഒച്ചിന്റെ വേഗത മാത്രമാണിപ്പോൾ. ശക്തമായ പൊടി കാരണം പാതയോരത്തെ സ്ഥാപനങ്ങളിൽ തൊഴിലെടുക്കാനും വീടുകളിൽ താമസിക്കാനും കഴിയാത്ത അവസ്ഥയാണ്. ജനങ്ങളുടെ യാത്രാ പ്രശ്‌നം പരിഹരിച്ച് പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതവും അവസാനിപ്പിക്കാൻ പ്രവൃത്തി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. മുഴക്കോം എ. കെ.ജി മന്ദിരം പരിസരത്ത് നിന്ന് പ്രകടനം ആരംഭിച്ചു. ഓട്ടോ സ്റ്റാൻഡ് പരിസരത്ത് നടന്ന ഉപരോധം കെ. വി. ഗംഗാധരവാര്യർ ഉദ്ഘാടനം ചെയ്തു. കെ രാജു അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചയത്തംഗം പി.സി .സുബൈദ, ഡി.വൈ.എഫ്‌.ഐ ബ്ലോക്ക് സെക്രട്ടറി രജീഷ് വെള്ളാട്ട്, ബ്ലോക്ക് പഞ്ചായത്തംഗം യു. സുമിത്ര എന്നിവർ പ്രസംഗിച്ചു. വി. കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു.