തലശേരി: ആശ്രയ ഗുണഭോക്താവായ ഇ കെ കാർത്യായനി ഏറെ സന്തോഷത്തിലാണ്. തല ചായ്ക്കാൻ സ്വന്തമായി ഒരു വീടുകിട്ടിയതിന്റ സന്തോഷം മുഴുവൻ ആ മുഖത്ത് പ്രതിഫലിച്ച് കാണാം. കാർത്ത്യായനിക്ക് മാത്രമല്ല കാഴ്ചയില്ലാത്ത സി ബാലകൃഷ്ണന്റെയും, പി കെ ജലജയുടെയും, ഭാസ്‌കരൻ മുക്കാട്ടിലിന്റെയുമൊക്കെ പുഞ്ചിരിക്ക് തിളക്കമേറെയായിരുന്നു. തലശ്ശേരി നഗരസഭ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമത്തിലാണ് അവർ ഒത്തുകൂടിയത്. ലൈഫ് മിഷന്റെ ഭാഗമായി പി എം എ വൈ പദ്ധതിയിൽ ഉൾപ്പെട്ടു വീട് ലഭിച്ച 155 പേരാണ് സംഗമത്തിൽ പങ്കെടുത്തത്. സംഗമത്തിന്റെ ഭാഗമായി നടത്തിയ അദാലത്തിൽ വിവിധ വകുപ്പുകളിൽ നിന്നും ലഭിച്ച 17 പരാതികളിൽ 13 എണ്ണത്തിനും പരിഹാരമായി. ആധാറുമായി ബന്ധപ്പെട്ട് അദാലത്തിൽ ലഭിച്ച ആറ് പരാതികളിലും പരിഹാരം കണ്ടു. ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബസംഗമത്തിന്റെയും അദാലത്തിന്റെയും ഉദ്ഘാടനം തലശ്ശേരി ടൗൺ ഹാളിൽ എ എൻ ഷംസീർ എം എൽ എ നിർവഹിച്ചു. ലൈഫ് ഉപഭോക്താക്കൾക്കുള്ള മൊമെന്റോ വിതരണവും അദ്ദേഹം നിർവഹിച്ചു. തലശ്ശേരി നഗരസഭ ചെയർമാൻ സി കെ രമേശൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ നജ്മ ഹാഷിം, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ വാഴയിൽ ലക്ഷ്മി, കെ വിനയരാജ്, നഗരസഭ സെക്രട്ടറി കെ മനോഹർ, കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.