കാഞ്ഞങ്ങാട്: കഴിഞ്ഞ നഗരസഭ ഭരണ സമിതിയുടെ അശ്രദ്ധ മൂലം ഡാറ്റാബാങ്കിൽ കുടുങ്ങിയ നൂറുകണക്കിന് പേരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുന്നു.കാഞ്ഞങ്ങാട് കൃഷിഭവനിൽ 7000 പേരുടെ അപേക്ഷകളാണ് ചുവപ്പു നാടയിൽ കുടുങ്ങിയത്. നഗരസഭയിലെ സാധാരണക്കാരാണ് കുടുങ്ങിയവരിലേറെയും .വീടുനിർമ്മാണത്തിനും മറ്റുമായി നഗരസഭയെ സമീപിക്കുമ്പോഴാണ് തങ്ങളുടെ ഭൂമി കൃഷി ഭൂമിയാണെന്ന് അവർ മനസിലാക്കുന്നത്. പിന്നീട് അതിൽ നിന്ന് മോചനം നേടാനുള്ള വഴികളിലായിരുന്നു അപേക്ഷകരിലേറെയും.

നിലവിലുള്ള ഭരണസമിതിയാണ് പ്രശ്‌നത്തിനു പരിഹാരം കാണാൻ ഏറെ ശ്രമിച്ചത്. താത്കാലിക ജീവനക്കാരെ ഉപയോഗിച്ച് അപേക്ഷകൾ തരം തിരിക്കുന്ന പ്രവൃത്തി പൂർത്തിയായ ശേഷം അദാലത്ത് വിളിച്ചു ചേർത്ത് പ്രശ്‌നപരിഹാരം തേടുകയാണിപ്പോൾ. തിങ്കളാഴ്ച നടന്ന അദാലത്തിൽ 100 അപേക്ഷകരെയാണ് ക്ഷണിച്ചത്. ഇവരിൽ 92 പേരുടെ പരാതികളിൽ തീർപ്പായതായി നഗരസഭ ചെയർമാൻ വി.വി.രമേശൻ പറഞ്ഞു.അദാലത്ത് തുടർന്നും നടത്തുമെന്ന് ചെയർമാൻ വ്യക്തമാക്കി.ചെയർമാനു പുറമെ കൃഷി ഓഫീസർ ,റവന്യു ഉദ്യോഗസ്ഥർ ,നഗരസഭ ഉദ്യോഗസ്ഥർ എന്നിവരാണ് അദാലത്തിൽ പങ്കെടുത്തത്.അതിനിടെ 2008ലെ കൃഷിഭൂമി നികത്തൽ നിയമത്തിൽ ആർ ഡി.ഒ.യ്ക്ക് പരാതി നൽകാനാണ് നിർദ്ദേശമുള്ളത്. പരാതി കിട്ടിയാൽ ഒരുമാസത്തിനുള്ളിൽ അതിൻമേൽ തീർപ്പാക്ക ണമെന്നാണ് വ്യവസ്ഥ.. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും തീർ‌പ്പാകാതിരിക്കുകയാണെന്നും കൊവ്വൽസ്റ്റോറിലെ എം കുഞ്ഞമ്പാടി പറയുന്നു. വീടിനു തറകെട്ടിവെച്ചവ‌ർ വരെ ഇവിടെയുണ്ട്.