എടക്കാട് : താഴെ ചൊവ്വയിലെ ദേശീയപാതയിൽ റോഡിനു സമീപത്തെ സെക്യൂറ മാൾ നിർമാണം ഒരാഴ്ചത്തേക്ക് നിർത്തി വയ്ക്കാൻ കോർപറേഷൻ നിർദേശം നൽകി. മാൾ നിർമാണത്തെ തുടർന്ന് പ്രദേശത്തെ കിണറുകൾ വറ്റുകയും റോഡ് ഇടിയുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായെത്തിയ നാട്ടുകാരെയും മാൾ പ്രതിനിധികളെയും പങ്കെടുപ്പിച്ച് മേയർ സുമാ ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മാളിന്റെ പില്ലറിനായി റോഡിനു തൊട്ടു കുഴി കുഴിച്ചതോടെ റോഡ് വിണ്ടുകീറിയ അവസ്ഥയിലാണ്. പ്രതിദിനം നൂറുകണക്കിനു വാഹനം കടന്നുപോകുന്ന വഴിയിലാണ് ഈ ദുരവസ്ഥ. ഇത് റോഡ് ചെരിയാനും അമർന്നു പോകാനും ഇടയാക്കുമെന്ന ആശങ്കയിലാണ് യാത്രക്കാർ.
പൊതുമരാമത്ത് വിഭാഗം ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം:
നല്കിയ പെർമിറ്റ് അനുസരിച്ചാണോ നിർമാണമെന്ന് പൊതുമരാമത്ത് എൻജിനിയറിംഗ് വിഭാഗം പരിശോധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നല്കും. പെർമിറ്റിനു വിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാൽ തുടർനടപടി ഉണ്ടാകും. നിർമാണം കാരണം ഇടിഞ്ഞ റോഡിനരികിൽ താങ്ങുമതിൽ നിർമിക്കാൻ ബിൽഡേഴ്‌സിന് നിർദേശം നല്കി.
ശുദ്ധജലക്ഷാമം പരിഹരിക്കാൻ പി.. എച്ച്..ഡിയുടെ കുടിവെള്ള വിതരണം:
പ്രദേശത്തെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ പിഎച്ച്എഡിയുടെ വെള്ളം തുടർന്നും എത്തിക്കും. പ്രദേശത്ത് മണ്ണ് പരിശോധന നടത്തും. പൊതുമരാമത്ത് സൂപ്രന്റിംഗ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അടുത്ത ദിവസം സ്ഥലം സന്ദർശിച്ച് വിശദമായ പരിശോധന നടത്തുക.
ഡെപ്യൂട്ടി മേയർ പി.കെ.രാഗേഷ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി.ഒ. മോഹനൻ, വെള്ളോറ രാജൻ, കൗൺസിലർമാരായ എസ്.ഷഹീദ, എൻ.ബാലകൃഷ്ണൻ, സെക്രട്ടറി ഡി.സാജു എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ പ്രദേശത്തെ വ്യാപാരികളും വീട്ടമ്മമാരും പങ്കെടുത്തു.