കണ്ണൂർ: പറശ്ശിനിക്കടവ് ശ്രീമുത്തപ്പൻ ക്ഷേത്രം പരിസരത്ത് നിന്ന് അഴീക്കൽ ബോട്ട് ജെട്ടിയിലേക്കുള്ള യാത്ര മുടങ്ങി രണ്ട് മാസം പിന്നിട്ടു. മാട്ടൂലിൽ നിന്ന് അഴീക്കൽ ജെട്ടിയിലേക്ക് സർവീസ് നടത്തിയിരുന്ന ബോട്ട് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതോടെയാണ് പകരം സംവിധാനമായി ഈ ബോട്ടിനെ മാട്ടൂൽ സർവീസിനായി വിനിയോഗിച്ചത്. ഇതോടെ വിനോദ സഞ്ചാരികളടക്കം കടുത്ത നിരാശയിലാണ്.
പ്രധാനമായും വിനോദ സഞ്ചാരികളാണ് ബോട്ടിനെ ആശ്രയിക്കുക. രണ്ട് ട്രിപ്പുകൾ അഴീക്കൽ ഫെറി വരെയും രണ്ട് ട്രിപ്പ് വളപട്ടണം വരെയും സർവീസ് നടത്തിയിരുന്നു. പെട്ടെന്ന് മടങ്ങുന്നവർക്കായുള്ള സർക്കുലർ ട്രിപ്പുകൾ അടക്കമാണിത്. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ജല ഗതാഗത വകുപ്പിന്റെ ബോട്ടായതിനാൽ ചെറിയ തുകയാണ് ചെലവ്.
വിളക്കണയും പതിവായി
അഴീക്കൽ ജെട്ടിയിൽ നിന്ന് രാവിലെ 6 ന് സർവീസ് തുടങ്ങിയാൽ രാത്രി 7:45നാണ് സർവീസ് അവസാനിപ്പിക്കുക. രാവിലെയും രാത്രിയും ഇരുട്ടാണെങ്കിലും ഇവിടെ വെളിച്ചത്തിന്റെ കുറവുമുണ്ട്. കെ.എം ഷാജി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒന്നര ലക്ഷം രൂപ വിനിയോഗിച്ച് എട്ട് മീറ്റർ ഉയരത്തിൽ ഇവിടെ എൽ.ഇ.ഡി മിനിമാസ്സ് ലൈറ്റ് സ്ഥാപിച്ചിരുന്നു. സിൽക്കായിരുന്നു നിർമ്മാണം. വിളക്ക് ഇപ്പോൾ പതിവായി തെളിയാറില്ല. വൈകിട്ട് സാമൂഹ്യ വിരുദ്ധരടക്കം തമ്പടിക്കുമ്പോഴാണ് ഈ ദുരവസ്ഥ.