കൂത്തുപറമ്പ്: വലിയ വെളിച്ചം 110 കെ.വി.സബ് സ്റ്റേഷന്റെ പ്രവർത്തനോദ്ഘാടനം ഇന്ന് വൈകിട്ട് 5.30ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി നിർവഹിക്കും. ജില്ലയിലെ പ്രധാന വ്യവസായ വളർച്ചാ കേന്ദ്രങ്ങളിലൊന്നായ വലിയവെളിച്ചത്തെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടിയാണ് സബ് സ്റ്റേഷൻ നിർമ്മിച്ചിട്ടുള്ളത്. അതോടൊപ്പം കൂത്തുപറമ്പ് നഗരസഭയിൽ ഉൾപ്പെടുന്ന മൂര്യാട് ഭാഗത്തെയും,പാട്യം, ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകളിലെയും വോൾട്ടേജ് ക്ഷാമത്തിനും സബ്സ്റ്റേഷൻ സ്ഥാപിക്കുന്നതിലൂടെ പരിഹാരമാകും. സമീപകാലത്തായി സ്ഥാപിച്ച വലിയ വെളിച്ചം വ്യവസായ വളർച്ചാ കേന്ദ്രത്തിൽ വൻകിട കമ്പനികൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളാണ് പ്രവർത്തിച്ചു വരുന്നത്. നിലവിൽ കുട്ടിക്കുന്ന്, നിടുംപൊയിൽ സബ് സ്റ്റേഷനുകളിൽ നിന്നണ് വലിയ വെളിച്ചത്ത് വൈദുതി എത്തിക്കുന്നത്. എന്നാൽ ദീർഘദൂര ലൈനിൽ പ്രസരണനഷ്ടം പതിവായ സാഹചര്യത്തിലാണ് വലിയ വെളിച്ചത്ത് പുതിയ 110 കെ.വി.സബ്സ്റ്റേഷൻ നിർമ്മിച്ചത്.വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ എം.പി.മാരായ കെ.സുധാകരൻ, കെ.കെ.രാഗേഷ് എന്നിവർ പങ്കെടുക്കും.