പാഴാവുന്നത് 26 ഏക്കർ സ്ഥലം
നീലേശ്വരം: മംഗലാപുരത്തിനും ഷൊർണ്ണൂരിനുമിടയിൽ 26 ഏക്കർ സ്ഥലം നീലേശ്വരം റെയിൽവെ സ്റ്റേഷന് സ്വന്തമായി ഉണ്ടെങ്കിലും വികസനം അകന്നുപോകുന്നു.
ട്രെയിനുകൾക്ക് അറ്റകുറ്റപ്പണികൾ നടത്താൻ പറ്റിയ പിറ്റ്‌ലൈൻ സൗകര്യവും വണ്ടികൾ നിർത്തിയിടാൻ പറ്റിയ പിക്ക്ലൈൻ സൗകര്യവും ഇവിടെ ഒരുക്കാവുന്നതാണ്. നിലവിൽ പാലക്കാട് ഡിവിഷനിൽ മംഗലാപുരത്ത് മാത്രമാണ് ഈ സൗകര്യമുള്ളത്. മംഗലാപുരത്ത് പിറ്റ്ലൈൻ സൗകര്യങ്ങളുടെ ശേഷി പരമാവധി ഉപയോഗിച്ചുകഴിഞ്ഞാൽ മുഴുവൻ വണ്ടികളെയും ഉൾക്കൊള്ളൻ പറ്റാത്ത അവസ്ഥയുമുണ്ട്.നിർദ്ദിഷ്ട കാഞ്ഞങ്ങാട് - കാണിയൂർ പാത പ്രവർത്തനക്ഷമമാകുമ്പോൾ അതിന്റെ ഓപ്പറേഷൻ സ്റ്റേഷൻ എന്ന നിലയിലും നീലേശ്വരത്തെ മാറ്റാനാകും. റെയിൽവെയുടെ അധീനതയിലുള്ള ഈ സ്ഥലം നിറയെ സ്ലീപ്പറുകൾ ഇട്ട് നിറച്ചിരിക്കയാണ്.
നീലേശ്വരം മുനിസിപ്പാലിറ്റിക്ക് പുറമെ മടിക്കൈ, കിനാനൂർ കരിന്തളം, കോടോം ബേളൂർ, ഈസ്റ്റ് എളേരി, വെസ്റ്റ്എളേരി എന്നീ പഞ്ചായത്തുകളിലെ യാത്രക്കാർ നീലേശ്വരം സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. വരുമാനത്തിൽ ജില്ലയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുമ്പോഴും നീലേശ്വരത്തോട് റെയിൽവെ അധികൃതർക്ക് എന്നും അവഗണനയാണ്.
അവഗണനയുടെ നേർസാക്ഷ്യമായി ടിക്കറ്റ് കൗണ്ടർ
റെയിൽവെ സ്റ്റേഷൻ തുടങ്ങിയപ്പോഴുള്ള ടിക്കറ്റ് കൗണ്ടർ തന്നെയാണ് ഇപ്പോഴുമുള്ളത്. ടിക്കറ്റ് വാങ്ങാനും പണം കൈമാറുന്നതിനും യാത്രക്കാരനോ, ജീവനക്കാരനോ കൈയെത്താത്ത രീതിയിൽ അശാസ്ത്രീയമായ രീതിയിലാണ് കൗണ്ടർ ഉള്ളത്. ഇതേ കൗണ്ടറിൽ നിന്ന് തന്നെയാണ് യാത്രാ ടിക്കറ്റും റിസർവേഷൻ ടിക്കറ്റും നൽകുന്നത്. അതുകൊണ്ട് തന്നെ സാധാരണ ടിക്കറ്റിനു വേണ്ടി കാത്തു നിൽക്കുന്നവർക്ക് ടിക്കറ്റ് കൊടുത്താൽ മാത്രമെ റിസർവേഷൻ ടിക്കറ്റ് കിട്ടുകയുള്ളു.
കൂടുതൽ വണ്ടികൾക്ക് സ്റ്റോപ്പ്
പ്രതിദിന വണ്ടികളായ ഇന്റർസിറ്റി, നേത്രാവതി, ചെന്നൈ മെയിൽ എന്നീ വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പാലക്കാട് ഡിവിഷൻ ശുപാർശ ചെയ്തിട്ടും റെയിൽവെ ഉദ്യോഗസ്ഥരുടെയും യൂനിയൻ തലത്തിലുമുള്ള പിടിവാശി കാരണം ഈ വണ്ടികൾക്ക് ഇതുവരെ സ്റ്റോപ്പ് അനുവദിച്ച് കിട്ടിയിട്ടില്ല.