കാഞ്ഞങ്ങാട്: നിർദ്ദിഷ്ട കോട്ടച്ചേരി റെയിൽവെ മേൽപാലത്തിന്റെ അപ്രോച്ച് റോഡുണ്ടാക്കാൻ വേണ്ട മണ്ണിന്റെ ആദ്യഘട്ടം പാറപ്പള്ളിയിൽ നിന്ന്. മൊത്തം 4000 മെട്രിക് ടൺ മണ്ണാണ് റോഡിനായി വേണ്ടത്.

മണ്ണ് മഞ്ചേശ്വരം സീതാംഗോളിയിൽനിന്ന് കൊണ്ടുവരാനായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ. അവിടെ നിന്നും മണ്ണ് കൊണ്ടുവരാനുള്ള യാത്രാചെലവ് കരാറുകാരെ ആശങ്കപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ മറ്റു വഴികളും അധികൃതർ ആരാഞ്ഞു. അങ്ങിനെയാണ് ആദ്യഘട്ടം പാറപ്പള്ളിയിൽ നിന്ന് മണ്ണ് കൊണ്ടുവരാൻ തീരുമാനമായത്.

ഇവിടെ റൈഫിൾ അസോസിയേഷൻ ഓഫീസിന് ഷൂട്ടിംഗ് റെയ്ഞ്ച് ഉണ്ടാക്കാൻ സ്ഥലം എടുത്തിട്ടുണ്ട്. ഇവിടെ നിന്നും നീക്കം ചെയ്യുന്ന മണ്ണ് ഏതാണ്ട് ഒരു മെട്രിക് ടൺ വരുമെന്നാണ് കണക്കാക്കുന്നത്. അത്രയും മണ്ണ് മേൽ പാലം നിർമ്മാണത്തിന് എടുക്കാൻ അസോസിയേഷൻ പ്രസിഡന്റുകൂടിയായ ജില്ല കലക്ടർ അനുവാദം നൽകിയിട്ടുണ്ട്.

ഇത്തരത്തിൽ അടുത്ത പ്രദേശത്തു നിന്നുതന്നെ മണ്ണ് കിട്ടുകയാണെങ്കിൽ റോഡു നിർമ്മാണം എളുപ്പം നടക്കും. കഴിഞ്ഞ വർഷം ഏപ്രിൽ 14 നാണ് മേൽപാല നിർമ്മാണത്തിന് തറക്കല്ലിട്ടത്. 2019 ഡിസംബറോടെ പ്രവൃത്തി പൂർത്തീകരിച്ച് പാലം ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്നായിരുന്നു തറക്കല്ലിടുന്ന വേളയിൽ ബന്ധപ്പെട്ടവർ ഉറപ്പു നൽകിയിരുന്നത്. രണ്ടാഴ്ച മുമ്പ് പാലം സന്ദർശിച്ച റെയിൽവെയിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞത് ഈ വർഷം മാർച്ചോടെ പ്രവൃത്തി പൂർത്തീകരിക്കുമെന്നാണ്. അതിന് മണ്ണ് യഥേഷ്ടം കിട്ടണമെന്നും അവർ അറിയിച്ചിരുന്നു. അതു പ്രകാരമാണ് മണ്ണ് എളുപ്പം കിട്ടുന്നതിനുള്ള വഴികൾ ജില്ലാ ഭരണകൂടം ആലോചിച്ചത്.