കാസർകോട്: ദേശീയ റോഡ് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് കാസർകോട് സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ജില്ലാ കളക്ടർ ഡോ. സജിത് ബാബു ഉദ്ഘാടനം ചെയ്തു. ആർ.ടി.ഒ. എൻഫോഴ്സ്‌മെന്റ് മോഹൻദാസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ആർ.ടി.ഒ എസ് മനോജ് സ്വാഗതവും ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അബ്ദുൽ സലാം നന്ദിയും പറഞ്ഞു. സന്നദ്ധസംഘടനയായ രുധിര സേനയുടെയും ജനറൽ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ക്യാമ്പിൽ രക്തദാനമഹത്വത്തെക്കുറിച്ച് മെഡിക്കൽ ഓഫീസർ ഡോ. സ്മിത ബോധവൽക്കരണം നടത്തി. രുധിര സേന പ്രസിഡന്റ് കെ പി വി രാജീവൻ സംസാരിച്ചു. നിരവധിപേർ ക്യാമ്പിൽ പങ്കെടുക്കുകയും 60 യൂണിറ്റ് രക്തം ബ്ലഡ് ബാങ്കിലേക്ക് ശേഖരിക്കുകയും ചെയ്തു.