തലശ്ശേരി: ഹോട്ടൽ ആന്റ് റസ്‌റ്റാറന്റ് അസോസിയേഷൻ തലശ്ശേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് മൂന്നിന് തലശ്ശേരിയിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം , അനധികൃതമായി പ്രവർത്തിക്കുന്ന ഉന്തുവണ്ടി തട്ടുകട, ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾ, ബദൽ സംവിധാനങ്ങളില്ലാതെയുള്ള പ്ലാസ്റ്റിക് നിരോധനം , ജി.എസ്.ടി രജിസ്ട്രേഷൻ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ചും ധർണയും സംഘടിപ്പിക്കുന്നതെന്ന് പ്രസിഡന്റ് കെ.അച്യുതനും സെക്രട്ടറി കെ.ഒ. ദാമോദരനും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഹോട്ടൽ അസോസിയേഷൻ ഓഫീസ് പരിസരത്തു നിന്ന് ആരംഭിച്ച് പുതിയ ബസ് സ്റ്റാൻഡ് വഴി നഗരസഭാ ഓഫീസ് വരെയാണ് മാർച്ച് നടത്തുക. തുടർന്ന് നടക്കുന്ന ധർണയിൽ ഹോട്ടൽ അസോസിയേഷൻ നേതാക്കൾ പ്രസംഗിക്കും. വാർത്താ സമ്മേളനത്തിൽ സി.സി.എം മഷൂർ, എം.പി ശശീന്ദ്രൻ, കെ.പി ഷാജി, കെ.സത്യൻ, ജയചന്ദ്രൻ എന്നിവരും പങ്കെടുത്തു.