കാഞ്ഞങ്ങാട്: സാമൂഹികാരോഗ്യ കേന്ദ്രം (കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ) എന്ന പേര് അന്വർത്ഥമാക്കി ജന സൗഹൃദമാവുകയാണ് പെരിയ സി.എച്ച്.സി. കയറി വരുമ്പോൾ മികച്ച ആശുപത്രി കവാടം. ആശൂപത്രി മതിലുകളിലുടനീളം നിറങ്ങളിൽ വിരിഞ്ഞ ചിത്രങ്ങൾ, ദാഹിച്ചെത്തുന്ന രോഗികൾക്ക് കുടിക്കാൻ ശുദ്ധജലം. പുതുമകൾ ഇനിയും തീരുന്നില്ല കുട്ടികൾക്കായി പാർക്ക്, പൂന്തോട്ടം, ടൈൽ പാകി വൃത്തിയാക്കിയ ശുചിമുറികൾ, മുലയൂട്ടുന്ന അമ്മമാർക്കായി പ്രത്യേകം സജ്ജമാക്കിയ കേന്ദ്രം, ആധുനിക രീതിയിലുള്ള കാത്തിരിപ്പ് കസേരകൾ, ടോക്കൺ രീതി, ലൈബ്രറി, ടെലിവിഷൻ, എക്‌സറേ, ഇ.സി.ജി, ദന്തൽ ക്ലിനിക്ക് ഇങ്ങനെ പോകുന്നു സി.എച്ച്.സിയിലെ പുത്തൻ വർത്തമാനം.
അൻപത് ലക്ഷം രൂപ മുതൽ മുടക്കിയാണ് ആശുപത്രി മോടിപിടിപ്പിച്ചത്. ഇവിടെ ദിവസവും ഒ.പി സൗകര്യം ഉപയോഗപ്പെടുത്തുന്നത് 600 ഓളം ആളുകളാണ്. വൈകുന്നേരങ്ങളിലും ഒ.പി സൗകര്യം ലഭിക്കും. 108 നമ്പർ ആംബുലൻസ് ആശുപത്രിയിലുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയ ആംബുലൻസും പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താം. ബ്ലോക്ക് പരിധിയിലുള്ള എന്റോസൾഫാൻ ബാധിതർക്കായി ഫിസിയോതെറാപ്പി സെന്ററും സി.എച്ച്.സി യിൽ പ്രവർത്തിക്കുന്നുണ്ട്.
കാസർകോട് വികസനപാക്കേജിൽ ഉൾപ്പെടുത്തി സി. എച്ച്.സിയിൽ ഡയാലിസിസ് യൂണിറ്റ് ഒരുക്കാനുള്ള നിർദേശവും സമർപ്പിച്ചിട്ടുണ്ട്.
മാനസീക രോഗികൾക്കും വൃദ്ധർക്കുമായി..
മാനസീക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കായി ഇവിടെ പ്രത്യേക ചികിത്സാരീതി നടത്തി വരുന്നുണ്ട്. ഇവർക്ക് രാവിലെ ആശുപത്രിയിൽ എത്തിയാൽ വൈകുന്നേരം വരെയുള്ള പരിചരണങ്ങൾ ലഭിക്കും. ഇവർക്കുള്ള ഭക്ഷണവും മറ്റ് സേവനങ്ങളും സർക്കാർ മുൻകൈയെടുത്ത് നൽകി വരുന്നു. ഇത് ജോലിക്ക് പോകുന്ന വീട്ടുകാർക്കും വലിയ ആശ്വാസമാണ്. ചൊവ്വാഴ്ചകളിൽ വൃദ്ധജനങ്ങൾക്ക് പ്രത്യേകം ഒ.പി സൗകര്യം ഉപയോഗപ്പെടുത്താം. ഇത് മറ്റ് ദിവസങ്ങളിലെ നീണ്ട കൃൂവിൽ നിന്നും പ്രായമായ ആളുകളെ രക്ഷിക്കുന്നു. ആഴ്ചയിൽ മൂന്നുദിവസം കാഴ്ച പരിശോധന നടത്തിവരുന്നുണ്ട്.
മടിയൻ കൂലോം പാട്ടുത്സവത്തിനു സമാപനം കുറിച്ച് തെയ്യങ്ങൾ തിരിച്ചുപോകുന്നു