കൂത്തുപറമ്പ്: ജിയോളജി വകുപ്പ് അധികൃതർ പിടിച്ചെടുക്കുന്ന ചെങ്കൽ ലോറികൾ കണ്ണവം നിവാസികൾക്ക് പേടിസ്വപ്നമാകുന്നു. കസ്റ്റഡിയിലെടുക്കുന്ന ലോറികൾ അന്തർ സംസ്ഥാന പാതയോരത്ത് നിറുത്തിയിടുന്നത് നിരവധി അപകടങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. അഞ്ച് ചെങ്കൽ ലോറികളാണ് വർഷങ്ങളായി കണ്ണവം ടൗണിന്റെ വിവിധ ഭാഗങ്ങളിലായി നിർത്തിയിട്ടിട്ടുള്ളത്. ജിയോളജി വകുപ്പ് അധികൃതർ വിവിധ കാലയളവിൽ കസ്റ്റഡിയിലെടുത്തവയാണ് ലോറികളെല്ലാം.
തലശ്ശേരി- ഗൂഡല്ലൂർ അന്തർ സംസ്ഥാന പാതയോരത്ത് ഉൾപ്പെടെയാണ് പിടിച്ചെടുത്ത ഭാരവാഹനങ്ങൾ നിറുത്തിയിട്ടിട്ടുള്ളത്. കണ്ണവം വില്ലേജ് ഓഫീസിനും പൊലീസ് സ്റ്റേഷനും അക്ഷയ കേന്ദ്രത്തിനും സമീപം വരെ സ്ഥിരമായി വാഹനങ്ങൾ നിർത്തിയിടുന്നതിനെ തുടർന്ന് നിരവധി അപകടങ്ങളാണ് സമീപകാലത്തായി ഉണ്ടായത്. നിറുത്തിയിട്ട ലോറിക്ക് സമീപം രണ്ട് ദിവസം മുമ്പ് ഓട്ടോയും സ്ക്കൂട്ടറും കട്ടിയിടിച്ച് സ്ക്കൂട്ടർ യാത്രക്കാരന് സാരമായി പരുക്കേറ്റിരുന്നു. രണ്ടാഴ്ചയ്ക്കിടെ നാല് അപകടങ്ങളാണ് സംഭവിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.
പിടിച്ചെടുക്കുന്ന വാഹനങ്ങൾ വർഷങ്ങളായി ഉപയോഗിക്കാത്തതിനെ തുടർന്ന് പലതും ഉപയോഗശൂന്യമായിട്ടുണ്ട്. അതോടൊപ്പം ലോറിക്കകത്തെ ചെങ്കല്ലും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണുള്ളത്. യഥാസമയം ഫൈൻ ഈടാക്കി വാഹനങ്ങൾ വിട്ടുനൽകിയിരുന്നെങ്കിൽ വൻ നഷ്ടം ഒഴിവാക്കാൻ സാധിക്കുമായിരുന്നു. സമീപത്തെ വീട്ടുകാർക്കും ഉപദ്രവമായി മാറിയിരിക്കയാണ് പിടിച്ചെടുത്ത ലോറികൾ. റോഡിൽ നിന്നും ലോറികൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണവം പൊലീസിലും, റവന്യു അധികൃതർക്കും പരാതി നൽകിയിട്ടും നടപടികൾ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. ജില്ലാ കളക്ടർക്ക് ഉൾപ്പെടെ പരാതി നൽകാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
(Photo അധികൃതർ പിടിച്ചെടുത്ത് റോഡിൽ നിർത്തിയിട്ടിരിക്കുന്ന ലോറികൾ )