കാസർകോട്: ഗുഡ്‌മോണിംഗ് കാസർകോട് സംഘടിപ്പിക്കുന്ന അഞ്ചാമത് കാസർകോട് മാരത്തൺ 19ന് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പുരുഷ, വനിതാ വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. രാവിലെ 6.30ന് വിദ്യാനഗറിലെ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്നാരംഭിക്കുന്ന മാരത്തൺ, ഉളിയത്തടുക്ക, കൂഡ്‌ലു, കറന്തക്കാട്, കാസർകോട് പുതിയ ബസ് സ്റ്റാൻഡ്, അണങ്കൂർ, വിദ്യാനഗർ വഴി മുനിസിപ്പൽ സ്റ്റേഡിയത്തിൽ സമാപിക്കും. 12 കിലോമീറ്റർ നീളുന്നതാണ് മാരത്തൺ.
ഒന്നും രണ്ടും മൂന്നും സ്ഥാനകാർക്ക് യഥാക്രമം 15000, 10000, 5000 രൂപയും ട്രോഫിയും മെഡലും സർട്ടിഫിക്കറ്റും സമ്മാനിക്കും. അഞ്ചു കിലോ മീറ്റർ നീളുന്ന മിനി മാരത്തൺ വിജയികൾക്ക് 3000, 2000, 1000 രൂപയും ട്രോഫിയും മെഡലും സർട്ടിഫിക്കറ്റും സമ്മാനിക്കും.
ജില്ലാ കലക്ടർ ഡോ. ഡി. സജിത്ത്ബാബു, ജില്ലാ പൊലീസ് മേധാവി ജയിംസ് ജോസഫ് എന്നിവർ ചേർന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും. വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന സമ്മേളനവും സമ്മാനദാനവും കെ. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ഗുഡ്‌മോണിംഗ് കാസർകോട് സൊസൈറ്റി ചെയർമാൻ ഹാരിസ് ചൂരി, കൺവീനർ ബാലൻ ചെന്നിക്കര, ട്രഷറർ എ വി പവിത്രൻ മാസ്റ്റർ, വൈസ് ചെയർമാൻ മുഹമ്മദ് ഹാഷിം, റഈസ് കെ ജി, അർജുൻ തായലങ്ങാടി, ടി എം സലീം, ബദ്‌റുദ്ദീൻ എ എം, ഹംസ എന്നിവർ സംബന്ധിച്ചു.