കണ്ണൂർ: പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ നാളെ കണ്ണൂർ ജില്ലാ പൊലീസ് കോഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ നടക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.

ജില്ലാ പ്രസിഡന്റ് സി. മോഹനൻ അധ്യക്ഷത വഹിക്കും. പി.സി.സി.എ ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള എൻഡോവ്‌മെന്റ് വിതരണം സംസ്ഥാന ജനറൽ സെക്രട്ടറി കെ. പ്രദീപൻ നിർവഹിക്കും.


ഓൾഡ് ഈസ് ഗോൾഡ് നാളെ

കണ്ണൂർ: കണ്ണൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയായ ഓൾഡ് ഈസ് ഗോൾഡ് ആഭിമുഖ്യത്തിൽ ജില്ലയിലെ ഭിന്നശേഷി കുട്ടികൾക്കായി സ്‌നേഹോത്സവം നാളെ മുനിസിപ്പൽ ഹൈസ്‌കൂളിൽ നടക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ എം.കെ. ദിനേശ് ബാബു വിശിഷ്ടാതിഥിയാവും. കണ്ണൂർ കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജൻ അധ്യക്ഷത വഹിക്കും. സമാപന സമ്മേളനം മേയർ സുമ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ സെക്രട്ടറി ബിന്ദു അരവിന്ദ്, പ്രസിഡന്റ് നൗഫൽ, ട്രഷറർ കെ.പി രാജേഷ് എന്നിവർ സംബന്ധിച്ചു.